മേപ്പയൂർ: പഞ്ചായത്തിൽ സ്റ്റേഡിയമെന്ന മേപ്പയൂരിലെ കായികപ്രേമികളുടെ ചിരകാല ആവശ്യം ഉയർത്തി മേപ്പയൂർ ബസ്സ്റ്റാൻഡ് ഗ്രൗണ്ടിൽ വേറിട്ട പ്രതിഷേധം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും അജണ്ടയിലേക്ക് സ്റ്റേഡിയമെന്ന ആവശ്യം കൊണ്ടുവരുകയായിരുന്നു കായിക കൂട്ടായ്മ.
പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യം യാഥാർഥ്യമാവാത്തതിൽ പ്രതിഷേധിച്ച് 'വീ വാണ്ട് പ്ലേ ഗ്രൗണ്ട്' മുദ്രാവാക്യം ഉയർത്തിയാണ് കക്ഷി രാഷ്ട്രീയ-ജാതിമത ഭേദമന്യേ കായികപ്രേമികളുടെ വിശാലകൂട്ടായ്മ മേപ്പയൂർ ടൗണിൽ പ്രതിഷേധത്തെരുവ് കളിക്കളം സംഘടിപ്പിച്ചത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വരകിൽ നീന, ദേശീയ വോളിബാൾ കോച്ച് അമീറുദ്ദീൻ ഉൾെപ്പടെ നിരവധി കായിക പ്രതിഭകൾ ഉയർന്നുവന്ന പ്രദേശമാണ് മേപ്പയൂർ.
ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി സ്കൂൾ വിദ്യാർഥികളല്ലാത്തവർക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ പതിറ്റാണ്ടുകളായി പരിശീലനത്തിന് ആശ്രയിച്ചിരുന്ന സ്കൂൾ ഗ്രൗണ്ടും നഷ്ടപ്പെട്ടിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രഥമ പരിഗണന പൊതുസ്േറ്റഡിയത്തിന് നൽകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
സി.എം. സുബീഷ്, ജില്ല കബഡി ടീം ക്യാപ്റ്റൻ യു. ഷൗക്കത്ത്, ഷെമീദ് പൊന്നംകണ്ടി, എ.പി. സനു, ഇ. പ്രസാദ്, പി.കെ. അൻസാർ, കെ.കെ. അഫ്സൽ, ആർ. ധനിക്, കെ.കെ. ഷാഹിർ, വി. അജിത്ത്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.