കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുമായി ബന്ധം അവസാനിപ്പിക്കാൻ ഗൂഢശ്രമം നടത്തുന്ന ലക്ഷദ്വീപ് ഭരണകൂടം ഗുജറാത്തിൽ നിന്നടക്കം കൂടുതൽ സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാലയുമായും ഭാരത് സേവക് സമാജുമായും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. നേരത്തേ പുതുച്ചേരി സർവകലാശാലയുമായും കരാറുണ്ടാക്കിയിരുന്നു.
എൻജിനീയറിങ് ഡിപ്ലോമ, പാരാമെഡിക്കൽ, നഴ്സിങ്, വൊക്കേഷനൽ ട്രെയിനിങ് ഉൾപ്പെടെയുള്ള കോഴ്സുകൾ തുടങ്ങാൻ ദ്വീപ് ഭരണകൂടം വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിക്കോയ് ദ്വീപിൽ മറൈൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള മൂന്നുവർഷത്തെ എൻജിനീയറിങ്ങ് ഡിപ്ലോമ കോഴ്സുകൾ തുടങ്ങുന്നതിനാണ് ഈ മാസം 23 മുതൽ അപേക്ഷ ക്ഷണിച്ചത്. പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിലാണ് ഈ കോഴ്സുകൾ.
ടൂറിസം ആൻഡ് സർവിസ് ഇൻഡസ്ട്രി, സോഫ്റ്റ്വെയർ െഡവലപ്മെൻറ്, കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ കോഴ്സുകൾ പോണ്ടിച്ചേരി സർവകലാശാല നടത്താൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
തലസ്ഥാനമായ കവരത്തിയിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളായ മെഡിക്കൽ ലാബ്, എക്സ്റേ ടെക്നോളജി, ഓപറേഷൻ തിയറ്റർ ടെക്നോളജി, ഒരു വർഷത്തെ ഒഫ്താൽമിക് അസിസ്റ്റൻറ്, ഒരു വർഷത്തെ സി.ടി സ്കാൻ ടെക്നോളജി കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചു.
വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല കവരത്തിയിൽ നഴ്സിങ് കോളജാണ് തുടങ്ങുന്നത്. ഇതിനായി ജീവനക്കാരെ ഉടൻ നിയമിക്കും. കാലിക്കറ്റ് സർവകലാശാലയുടെ പഠനകേന്ദ്രങ്ങളിലെ പി.ജി കോഴ്സുകളും അറബിക് കോഴ്സുകളും നിർത്തലാക്കിയാണ് ഗുജറാത്തിൽനിന്നടക്കമുള്ള സർവകലാശാലകൾക്ക് ദ്വീപിൽ പരവതാനി വിരിക്കുന്നത്.സംഘ്പരിവാർ അജണ്ടക്കെതിരെ കാലിക്കറ്റ് സർവകലാശാല അധികൃതർ ശക്തമായ രാഷ്ട്രീയ സമ്മർദം ചെലുത്താത്തതും ദുരൂഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.