കോഴിക്കോട്: ‘‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം...’’ സംഗീതജ്ഞനായിരുന്ന ചാവക്കാട് റഹ്മാന്റെ പത്നി ഗാനഭൂഷണം ആബിദ റഹ്മാനും മക്കളായ പ്രശസ്ത ഗസൽ ഗായിക സരിത റഹ്മാനും ഗായികമാരായ സബിത റഹ്മാനും സമിത റഹ്മാനുമാണ് കുറ്റിച്ചിറയിൽ ഇഷ്ടഗാനങ്ങളുടെ പെട്ടി തുറന്നത്. റഹ്മാൻ വിടപറഞ്ഞ് 20 വർഷം കഴിഞ്ഞ് ആദ്യമായാണ് ഈ കുടുംബം ഒരുമിച്ച് സംഗീതവിരുന്നിൽ പാടുന്നത്.
പാട്ടിനാൽ കൂട്ടിച്ചേർക്കപ്പെട്ട മാതാപിതാക്കളും മക്കളുമെന്ന അപൂർവതയുള്ള കുടുംബമായിരുന്നു ഇവരുടേത്. 2003ലാണ് റഹ്മാൻ ചാവക്കാട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മരണശേഷം ആദ്യമായാണ് കുടുംബം ഒരുമിച്ചൊരു കച്ചേരി നടത്തുന്നത്. നിറഞ്ഞസദസ്സായിരുന്നു പാട്ട് കേൾക്കാൻ.
ബാബുരാജിന്റെ ഈണത്തിൽ എസ്. ജാനകി പാടിയ അവിടുന്നെൻ ഗാനം കേൾക്കാൻ എന്ന ഗാനം സരിത റഹ്മാൻ ആലപിച്ചു. ഉമ്മയും മക്കളും പാടിയ ഗാനങ്ങൾ സദസ്സിന് ഗൃഹാതുരതയുടെ കുളിർകാറ്റ് പകർന്നു. യുവതരംഗിന്റെ ആഭിമുഖ്യത്തിലാണ് ‘ഗ്രാമഫോൺ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. എം.വി.ആർ കാൻസർ സെന്റർ വൈസ് ചെയർമാൻ പി.കെ. അബ്ദുല്ല ആബിദ റഹ്മാന് കോഴിക്കോടിന്റെ ആദരമർപ്പിച്ചു.
ഹാർമോണിസ്റ്റ് ടി.സി. കോയ, സബിത റഹ്മാൻ, സമിത റഹ്മാൻ, ജീവകാരുണ്യ പ്രവർത്തകൻ കറുത്തേടത്ത് ഖയ്യും എന്നിവരെ കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, മുൻ കൗൺസിലർ കെ.പി. അബ്ദുല്ലക്കോയ, സി.ഇ. ചാക്കുണ്ണി, എ.വി. റഷീദ് അലി എന്നിവർ പൊന്നാട അണിയിച്ചു. പി.കെ. അബ്ദുല്ലക്കോയയെ യുവതരംഗ് പ്രസിഡന്റ് എ.വി. റഷീദ് അലിയും ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫും ചേർന്ന് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.