കോഴിക്കോട്: ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽനിന്ന് എം.ഫാം ഫാർമസി പ്രാക്ടീസ് യോഗ്യതയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് ഭേദഗതി 2021. ഇനി മുതൽ ഫാം. ഡി യോഗ്യതയുള്ളവർക്ക് മാത്രമേ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ ജോലി ചെയ്യാനാകൂവെന്നാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ നടപ്പാക്കിയ നിയമഭേദഗതി പറയുന്നത്. എം.ഫാം ഫാർമസി പ്രാക്ടീസ് ബിരുദ ധാരികൾ ചെയ്യുന്ന ജോലിയാണ് ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്നത്. രോഗികൾക്ക് കൗൺസലിങ് നൽകുക, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മരുന്നുകൾ സൂക്ഷിക്കേണ്ട വിധം എന്നിവ വിവരിക്കുക, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർക്ക് മരുന്നിൻെറ ഡോസ് നിർണയിക്കുക തുടങ്ങിയവയെല്ലാമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റിൻെറ ജോലി. എം. ഫാം ഫാർമസി പ്രാക്ടീസ് എന്ന ശാഖതന്നെ ക്ലിനിക്കൽ ഫാർമസിസ്റ്റ് ജോലിക്ക് വേണ്ടി തയാറാക്കിയതാണ്. 1996ൽ കോഴ്സ് ആരംഭിച്ച കാലം മുതൽ എം.ഫാം ബിരുദധാരികൾതന്നെയാണ് ഈ ജോലി ചെയ്യുന്നതും.
പിന്നീട് 2008 ൽ ഫാം.ഡി കോഴ്‌സുകൾ ആരംഭിച്ചപ്പോൾ, ആ വിഭാഗക്കാർക്കും ക്ലിനിക്കൽ ഫാർമസിസ്റ്റുകളായി സേവനമനുഷ്ഠിക്കുന്നതിന് അംഗീകാരം നൽകി. പുതിയ നിയമ ഭേദഗതി പ്രകാരം ഈ ഫാം.ഡി യോഗ്യതയുള്ളവർക്ക് മാത്രമേ ജോലിക്ക് അർഹതയുള്ളൂ. വാർഡ് റൗണ്ട് പങ്കാളിത്തം, മരുന്ന് കുറിപ്പടി ഓഡിറ്റിങ്, രോഗികളുടെ പരിചരണം, മരുന്ന് വിവര സേവനങ്ങൾ, പോയ്സൺ ഇൻഫർമേഷൻ സർവിസ്, പാർശ്വഫലങ്ങളുടെ നിരീക്ഷണം, രോഗികൾക്കുള്ള കൗൺസലിങ്, ഡോസ് ക്രമീകരണം, ആശുപത്രി ഫോർമുലറി തയാറാക്കൽ, മരുന്ന് പരീക്ഷണങ്ങൾ, ക്ലിനിക്കൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിച്ചവരായിരിക്കണം ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ എന്നാണ് ഭേദഗതി നിയമത്തിൽ പറയുന്നത്.
എം.ഫാം ഫാർമസി പ്രാക്ടീസ്, ഫാം.ഡി ബിരുദധാരികൾ ഈ മേഖലകളിൽ ഒരേ തരത്തിൽ പരിശീലനം നേടിയവരാണ് എന്നിരിക്കെ ഫാം.ഡികാർക്ക് മാത്രം ക്ലിനിക്കൽ ഫാർമസിസ്റ്റുകളായി നിയമനം എന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഫാം.ഡി വിദ്യാർഥികളെ കോളജുകളിലും ആശുപത്രികളിലും പരിശീലിപ്പിക്കുന്ന എം.ഫാം ഫാർമസി പ്രാക്ടീസ് വിഭാഗക്കാർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റാകാൻ യോഗ്യതയില്ല എന്നത് വിരോധാഭാസമാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉൾപ്പെടെ 14 കോളജുകളിലാണ് എം.ഫാം ഫാർമസി പ്രാക്ടീസ് കോഴ്സ് നടക്കുന്നത്. വർഷം 167 സീറ്റുകളാണുള്ളത്. അതേസമയം, സംസ്ഥാനത്തെ സർക്കാർ കോളജിൽ ഫാം ഡി കോഴ്സില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.