മുക്കം: വിശ്രമ കേന്ദ്രമോ ഹോട്ടലോ? കാണുന്നവർക്ക് സംശയം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് ഓടത്തെരുവിൽ കാരശ്ശേരി പഞ്ചായത്തിലെ മാടാമ്പുറത്താണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ കെട്ടിടം. ഒറ്റനോട്ടത്തിൽ ഹോട്ടൽ തന്നെ. ആകർഷകമായ ബോർഡുമുണ്ട്.
സൂക്ഷിച്ചുനോക്കിയാൽ ടേക്ക് എ ബ്രേക്ക് എന്ന ബോർഡുകൂടി കാണാം. സംസ്ഥാന സർക്കാരും സ്വച്ഛ് ഭാരത് മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് എല്ലായിടത്തും ഇത്തരം വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കലാണ് ലക്ഷ്യം. വിശാലമായ സൗകര്യങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കുക.
ടെലിവിഷനും എയർ കണ്ടീഷനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന ഇരുനില കെട്ടിടവും അതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ടു വീതം ശുചിമുറിയും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ശുചിമുറിയും അടങ്ങുന്നതാണ് പദ്ധതി. ലഘുഭക്ഷണം ലഭിക്കാനുള്ള സൗകര്യത്തിന് കഫറ്റീരിയയും ഉണ്ടാവും.
ഇരുനില കെട്ടിടത്തിൽ ഒരു നിലയേ ഇവിടെ പൂർത്തിയായുള്ളൂവെങ്കിലും കഴിഞ്ഞ ജൂൺ 14ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച ഈ കെട്ടിടത്തിലും സൗകര്യങ്ങളെല്ലാമുണ്ട്. 42,19,000 രൂപയാണ് ചെലവ്. യാത്രക്കാർക്ക് താമസിക്കാനുള്ള മുറികളും ഡോർമെട്രിയുമടങ്ങുന്ന മുകൾനിലയാണ് ഇനി നിർമിക്കാനുള്ളത്.
ഈ കേന്ദ്രത്തോടനുബന്ധിച്ച് കോഫി ഷോപ്പോ റിഫ്രഷ്മെന്റ് സെന്ററോ തുടങ്ങാമെന്ന പഴുതുപയോഗിച്ചാണ് ഇതിനെ ഹോട്ടലാക്കി മാറ്റിയത്. ഇപ്പോൾ ഈ കേന്ദ്രത്തിന്റെ മുൻവശമാകെ ഹോട്ടലിലെത്തുന്നവർ ഭക്ഷണം കഴിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിനിടയിലൂടെ കയറിച്ചെന്നാൽ ഏതാനും കസേരകൾ നിരത്തിയ ഒരു മുറി കാണാം.
അതാണ് വിശ്രമത്തിനുള്ളത്. അതാകട്ടെ, സ്ത്രീകൾക്കും കുട്ടികൾക്കുമൊന്നും ഉപയോഗിക്കാവുന്നതല്ല. മുൻവശത്താണെങ്കിൽ ഹോട്ടലിന്റെ മേശയും കസേരയും മറ്റും നിരന്നുകിടക്കുന്നു. ചുരുക്കത്തിൽ ഹോട്ടലിൽ വരുന്നവർക്കുള്ള ഉപയോഗത്തിനു മാത്രമായി വിശ്രമകേന്ദ്രം മാറി.
‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യവ്യക്തിക്ക് ലേലം ചെയ്തു നൽകിയതാണെന്നും അവിടെ ഭക്ഷണശാല നടത്താൻ തടസ്സമില്ലെന്നുമാണ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിതയുടെ നിലപാട്. ഇത്തരം കേന്ദ്രങ്ങൾ നിലനിർത്താൻ ഇത് അത്യാവശ്യമാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.