മുക്കം: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ചികിത്സ തേടി.
രാത്രി 8:45ഓടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിച്ച് കുടിക്കുന്ന സമയത്ത് രുചി വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡ കുപ്പി പരിശോധിച്ചപ്പോഴാണ് സോഡയിൽ എലി ചത്തുകിടക്കുന്നതിന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്തുക്കളെത്തി ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട വിനായകിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം തന്റെ കടയിലെത്തിയ ആൾക്ക് ജീരകസോഡ പൊട്ടിച്ചു നൽകിയെങ്കിലും എലി ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു. വിനായക് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചതെന്നും താൻ ആറു മാസമായി ഇതേ കമ്പനിയുടെ സോഡ ഇറക്കി വില്പന നടത്തുന്നുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ ആരോഗ്യവകുപ്പിനെ വിളിച്ച് വിവരമറിയിക്കുകയും മുക്കം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.