മുക്കം: മുക്കത്ത് മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായി ജല അതോറിറ്റി പരിശോധന ആരംഭിച്ചു. പൈപ്പിലെ ചോർച്ച കണ്ടെത്തിയാൽ ഉടൻ പ്രശ്നം തീർക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ജലഅതോറിറ്റി കൊടുവള്ളി സെക്ഷനിലെ എക്സിക്യൂട്ടിവ് എൻജിനീയർ ഡി. വിജിൽസ്, അസി. എൻജിനീയർമാരായ ഇ. അഖിൽ, സി.കെ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ രണ്ടു സംഘമായി ഡി.എൽ.പി ഇല്ലാത്ത റോഡുകളിൽ ചോർച്ച പരിശോധനയാണ് ആദ്യം നടക്കുന്നത്.
നേരത്തേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നിരാഹാര സമരം നടത്തിയിരുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ ചോർച്ച അടക്കുന്നതുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി തുടരുന്ന അനാസ്ഥയിൽ മുക്കം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് എട്ടു മാസമായി.കുടിവെള്ള വിതരണം മുടങ്ങിയതോടെ സ്വകാര്യ ഏജൻസികൾക്ക് വൻ തുക നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് വ്യാപാരികളും നഗരവാസികളും. വാട്ടർ അതോറിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും കൃത്യമായി ബിൽ വരുന്നുണ്ടെന്നും ഇത് അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.