മുക്കം: പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വിധവയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഏറെ ഗൗരവമുള്ള കേസിൽ പ്രതിയെ പിടികൂടാത്തതിനെതിരെ വിവിധ വനിത സംഘടന പ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയും വാർത്തക്കുറിപ്പുകളിലൂടെയും പ്രതിഷേധമറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് മണാശ്ശേരി സ്വദേശിയായ റിട്ട. അധ്യാപകൻ വീട്ടമ്മയെ വീട്ടിൽ കയറി അപമാനിച്ചത്. അന്നുതന്നെ വീട്ടമ്മ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇയാൾ മൊബൈലിൽ ഫോട്ടോ പകർത്തിയതായി പരാതിക്കാരി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരേയും, മകനേയും കൂട്ടി മണാേശരിയിലെത്തി പ്രതിയെ കണ്ട് തിരിച്ചറിയുകയും, ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു.
വീട്ടമ്മയുടെ ഫോട്ടോ കണ്ടതോടെ ഫോൺ പൊലീസ് കസ്റ്റെഡിയിലെടുത്തെങ്കിലും, രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് പറഞ്ഞ് പ്രതിയെ വിടുകയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും, വീട്ടിൽ അതിക്രമിച്ചുു കടന്നതിനും കേസെടുത്തങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. അതിനിടെ, കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ മുക്കം മേഖല കമ്മിറ്റി ഭരവാഹികൾ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പി. ലസിത, പ്രജിത പ്രദീപ്, പി. സാബിറ, എ.എം. ജമീല എന്നിവരാണ് കേസ് നടപടികൾ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വീട്ടമ്മക്ക് നീതി ലഭ്യമാക്കണമെന്നും കേരള മഹിള സംഘം തിരുവമ്പാടി മണ്ഡലം സെക്രട്ടറി പി. സൗദാമിനി ടീച്ചർ ആവശ്യപ്പെട്ടു. പൊലീസ് ഉദാസീനത വെടിയണമെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് ബേബി ഷക്കീല ആവശ്യപ്പെട്ടു.
മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപം വിധവയായ വീട്ടമ്മയെ വീട്ടൽകയറി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വുമൺ ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് സലീന പുല്ലൂരാംപാറ, വൈസ് പ്രസിഡൻറ് ഒ.സഫിയ ടീച്ചർ ചേന്ദമംഗലൂർ, സംസ്ഥാന സമിതിയംഗം ചന്ദ്രിക കൊയിലാണ്ടി, ജില്ല കമ്മറ്റി അംഗം സഫീറ കൊടിയത്തൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ് അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.