മുക്കം: കക്കൂസ് മാലിന്യം ഓവുചാലിലൂടെ ജലാശയങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കിവിട്ടയാൾക്കെതിരെ നടപടിയുമായി കാരശേരി ഗ്രാമപഞ്ചായത്ത്. സമീപവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാരശേരി പഞ്ചായത്ത് ഓഫിസിനു മുൻവശമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്ന് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നുണ്ടെന്ന് കണ്ടെത്തിയത്.
പരിശോധനയിൽ മാലിന്യം ഒഴുക്കിവിടാൻ ഉപയോഗിച്ച പമ്പ് സെറ്റ്, 30 മീറ്റർ നീളമുള്ള പൈപ്പ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. സ്ഥാപനം അടിയന്തരമായി പൂട്ടിയിടാനും പിഴയായി 50,000 രൂപ പഞ്ചായത്ത് ഓഫിസിൽ മൂന്നു ദിവസത്തിനകം നേരിട്ട് അടക്കുവാനും നോട്ടീസ് നൽകി. മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും നിർദേശം നൽകി. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നിരവധി തവണ ജനങ്ങൾ പഞ്ചായത്ത് ഓഫിസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും നിരന്തരം പരിശോധന നടത്തിയെങ്കിലും കക്കൂസ് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്നലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യം മോട്ടോർ പമ്പ് ഉപയോഗിച്ച് തൊട്ടടുത്ത പറമ്പിലെ മൺകൂനയിലേക്ക് അടിക്കുന്നതും ജെ.സി.ബി ഉപയോഗിച്ച് ട്രൈനേജ് വഴി മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതും ശ്രദ്ധയിൽപെട്ടത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് സീനിയർ ക്ലർക്ക് ശറഫുദ്ധീൻ, മുക്കം സബ് ഇൻസ്പെക്ടർ ശിബിൽ ജോസഫ്, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ കളൻതോട്, ചൂലൂർ, കട്ടാങ്ങൽ, കമ്പനിമുക്ക് എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വസംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും ശരിയായ മാലിന്യസംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുകയും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതും ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഈ സ്ഥാപനങ്ങളിൽനിന്ന് പിഴയും ഈടാക്കി.
പുകയില നിയന്ത്രണ നിയമപ്രകാരവും ഒരു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കി. വിവിധ സ്ഥാപനങ്ങളിൽനിന്നായി 7400 രൂപയാണ് പിഴ ഈടാക്കിയത്. കുടിവെള്ളം ഉപയോഗയോഗ്യമല്ലാത്തതിനാൽ പകരം സംവിധാനമുണ്ടാക്കുന്നതുവരെ ഒരു ഹോട്ടൽ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകി. ഹോട്ടൽ, ബേക്കറി, കൂൾബാർ, അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ഭക്ഷണവിതരണം നടക്കുന്ന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. അബ്ദുൽ ഹക്കീം, കെ. സുധ, എൻ.കെ. നവ്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.