മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികൾക്കുവേണ്ടി മലയിടിച്ച സംഭവത്തിൽ നടപടി. ജനങ്ങളുടെ ഭീതിയകറ്റുന്നതുവരെ ക്വാറികൾ പ്രവർത്തിക്കുന്നതിനും റോഡ് വെട്ടുന്നതിനും വിലക്കേർപ്പെടുത്തി. തുടർപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയും രൂപവത്കരിച്ചു. വാർഡ് മെംബർ, വില്ലേജ് ഓഫിസർ, ജൈവവൈവിധ്യ പരിസ്ഥിതി സമിതിയിലെ രണ്ടംഗങ്ങൾ, സമരസമിതി അംഗങ്ങൾ, പഞ്ചായത്ത് അസി. സെക്രട്ടറി, ക്വാറി ഉടമകൾ നിർദേശിക്കുന്ന രണ്ടു പേർ എന്നിവരടങ്ങുന്നതാണ് സമിതി.
ക്വാറികളിലേക്ക് റോഡ് നിർമാണത്തിന് ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടതോടെ ഗോതമ്പ റോഡിലെ 100ഓളം കുടുംബങ്ങൾ വലിയ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ എല്ലാ ഡിമാൻഡുകളും അംഗീകരിച്ചെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
മുക്കം: കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിന്റെ ലോഡുകണക്കിന് മണ്ണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിരവധി കുടുംബങ്ങൾക്കും കൃഷിഭൂമിക്കുമുൾപ്പെടെ വലിയ ഭീഷണിയാവുന്ന സാഹചര്യത്തിൽ തോണിച്ചാലിലെ പ്രവർത്തനം നിർത്തിവെച്ച ക്വാറികൾക്ക് ഒരു കാരണവശാലും പ്രവർത്തനാനുമതി നൽകരുതെന്ന് കൊടിയത്തൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.
സമിതി കൺവീനർ ബാബു പൊലുകുന്ന്, അംഗങ്ങളായ സി. ഫസൽ ബാബു, റിനീഷ് കളത്തിങ്ങൽ, ഷാലു തോട്ടുമുക്കം എന്നിവർ പ്രദേശത്ത് സന്ദർശനം നടത്തി. അതിഭീകര അവസ്ഥയാണ് പ്രദേശത്തെന്നും ഒരു ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് കൂട്ടിയിട്ട മൺകൂന പൊട്ടി താഴ്ഭാഗത്തെ നിരവധി കുടുംബങ്ങൾക്കും അവരുടെ കൃഷിക്കും ഭീഷണിയാവുമെന്നും സമിതി വിലയിരുത്തി. പ്രദേശത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾക്കും ഈ പ്രവൃത്തി ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.