മുക്കം: കോടികൾ ചെലവഴിച്ച് പരിഷ്കരണ പ്രവൃത്തി നടത്തിയ അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. അഗസ്ത്യൻമുഴി അങ്ങാടിക്കും മാമ്പറ്റക്കും ഇടയിലുള്ള വളവിലാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. ഇത് ഇരുചക്ര വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഒരുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തി കുഴി അടച്ചിരുന്നുവെങ്കിലും വീണ്ടും ഇതേ സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
കിലോമീറ്ററിന് ഒരു കോടിയോളം ചെലവഴിച്ചാണ് 13.130 കിലോമീറ്റർ ദൂരം വരുന്ന റോഡ് മാസങ്ങൾക്കുമുമ്പ് നവീകരിച്ചത്. റോഡ് തകർന്നതിനുപുറമെ ഓവുചാലുകളുടെ അശാസ്ത്രീയ നിർമാണം മൂലം ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയും ദുരിതമാണ്. ഇത് കാൽനടക്കാർക്ക് ഉൾപ്പെടെ ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഒരുവർഷം മുമ്പ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചുവെന്ന് പറഞ്ഞിരുന്നുവെങ്കിലും റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മണ്ണും കല്ലും അടങ്ങിയ മാലിന്യം ഇതുവരെ എടുത്തുമാറ്റിയിട്ടുമില്ല.
റോഡിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വിളിച്ചറിയിക്കാൻ കരാർ കമ്പനിയുടെയും അസി. എൻജിനീയറുടെയും ഫോൺ നമ്പർ അടങ്ങുന്ന ബോർഡ് അഗസ്ത്യൻമുഴി പെട്രോൾ പമ്പിനുസമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നമ്പറുകളിലൊന്നും ആരെയും വിളിച്ചാൽ കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് പ്രവൃത്തിയുടെ ആരംഭ ഘട്ടത്തിൽത്തന്നെ അശാസ്ത്രീയ നിർമാണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവജന സംഘടനകളും വിജിലൻസിൽ പരാതി നൽകിയിരുന്നു.
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി - പൊന്നാങ്കയം റോഡ് തകർന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാനായി പൊളിച്ച റോഡാണ് തകർന്നുകിടക്കുന്നത്. പൈപ്പിട്ട ഭാഗം ടാറിങ് നടത്താത്തതിനാൽ വാഹനങ്ങൾ ചളിയിൽ താഴ്ന്നുപോകുന്നത് പതിവാണ്. റോഡിന്റെ 100 മീറ്ററോളം ഭാഗമാണ് ഗതാഗതയോഗ്യമല്ലാതായത്. ജില്ല പഞ്ചായത്ത് റോഡാണിത്. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്.
ബഥാനിയ ധ്യാനകേന്ദ്രം, സ്കൂളുകൾ, മലബാർ സ്പോർട്സ് അക്കാദമി, ആരാധനാലയങ്ങൾ, ആശുപത്രികൾ, കൃഷി ഓഫിസ് എന്നിവിടങ്ങളിലേക്കു യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഒപ്പുശേഖരണം നടത്താൻ നാട്ടുകാർ തീരുമാനിച്ചു. പൊതുപ്രവർത്തകനായ ഷിജു ചെമ്പനാനി, മാത്തുക്കുട്ടി പുളിക്കൽ, ജോബി മുരിങ്ങ, കുര്യാച്ചൻ വടക്കേടത്ത് എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.