മുക്കം: നഗരസഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിൽ 2021-22 വർഷം തിരിച്ചടക്കാനുള്ള തുകയും 2022-23 വർഷം തിരിച്ചടച്ച തുകയും തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതിന്റെ രേഖകൾ പരിശോധനക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, നോൺ റോഡ് എന്നിവയുടെ അടങ്കൽ തുകയും ചെലവും പൊരുത്തപ്പെടുന്നില്ല. ഓഫിസിലെ ചുമതല നിർവഹണം കാര്യക്ഷമമല്ല. രണ്ടു കോടിയിലധികം രൂപ നികുതി കുടിശ്ശികയാണ്. സമയബന്ധിതമായി ഇത് പിരിച്ചെടുക്കാനുള്ള പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. അനധികൃതമായി കെട്ടിട നമ്പർ നൽകിയതായും തുടർനടപടി ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നികുതി പരിഷ്കരണത്തിലെ കാലതാമസം, മാപ്പിങ് പൂർത്തീകരിക്കാത്തത്, നികുതി നിർണയത്തിലെ തെറ്റായ നടപടികൾ എന്നിവയും ക്രമക്കേടുകളായിട്ടുണ്ട്. സി.എച്ച്.സി വളപ്പിലെ മരങ്ങൾ ലേലം ചെയ്ത വകയിൽ 1,35,500 രൂപയും ജി.എസ്.ടി ഇനത്തിൽ 24,650 രൂപയും നഗരസഭയിൽ അടച്ചിട്ടില്ല. നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങൾക്കുപോലും ലൈസൻസ് നൽകിയതിന്റെ വിവരങ്ങൾ ലഭ്യമല്ല. അനധികൃത നിർമാണങ്ങൾ ക്രമവത്കരിച്ച് നികുതി ചുമത്തിയിട്ടുണ്ട്. സ്കൂളുകളിൽ പെയിന്റിങ്ങിന്റെയും മറ്റും പേരിൽ ചെയ്യാത്ത പ്രവൃത്തികൾക്ക് കരാറുകാരന് തുക നൽകിയിട്ടുണ്ട്. ബയോഗ്യാസ് പദ്ധതിയിൽ 16,65,510 രൂപയാണ് നഗരസഭക്ക് നഷ്ടമായത്. മുക്കം സി.എച്ച്.സി മാസ്റ്റർ പ്ലാനിന് 18,05,400 രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതി ലക്ഷ്യം കണ്ടിട്ടില്ല. അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഏജൻസിക്ക് തുക നൽകിയതിലും പദ്ധതി നടപ്പാക്കിയതിലും ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലും അപാകതയുണ്ട്.
ക്വട്ടേഷനുകൾക്ക് കൗൺസിൽ അംഗീകാരം ലഭിക്കാതെ കരാറുകാരന് പ്രവൃത്തി ഏൽപിച്ചുകൊടുത്തു. പി.എം.എ.വൈ ഭവന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല. കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള സ്റ്റാമിന പദ്ധതിയിലടക്കം സാമ്പത്തിക ക്രമക്കേട് കാണിച്ചു. അതിദരിദ്രർക്കും അഗതികൾക്കുമുള്ള പദ്ധതി നടത്തിപ്പിലും വീഴ്ച സംഭവിച്ചു. റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം ചേർന്ന് ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധക്കായി പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.