മുക്കം: ‘എന്റെ സാറെ, നിങ്ങളിത് കണ്ടോ, ഞങ്ങളുടെയൊക്കെ വീടുകൾക്ക് മുകളിലാണ് ഇത്രയും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഒരു മഴ പെയ്താൽ ഇതെല്ലാം ഒലിച്ച് താഴെയെത്തും. നാൽപത് കൊല്ലത്തിലധികമായി ഞങ്ങളിവിടെ താമസിച്ച് വരുന്നുണ്ട്. എന്നാൽ, കുറച്ച് മാസമായി ഇങ്ങനെ പേടിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇപ്പോ ഇത് കണ്ടപ്പോൾ എന്തെന്നില്ലാത്ത പേടി കൂടി. ഞങ്ങളിനി എന്താ ചെയ്യാ....’ 80 വയസ്സ് പിന്നിട്ട തോണിച്ചാൽ സ്വദേശിനി ചക്കി കുട്ടിയുടെ വാക്കുകളാണിത്.
ചക്കി കുട്ടിയുടെ മാത്രം ആധിയല്ലിത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാൽ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ഭീതികൂടിയാണിത്.
അത് കൊണ്ട് തന്നെയാണ് തലക്ക് മുകളിൽ തൂങ്ങിനിൽക്കുന്ന ഭീകരത കാണാൻ കൈക്കുഞ്ഞുങ്ങളുമായുൾപ്പെടെ സ്ത്രീകളും വയോധികരുമായി 150 ഓളം പേർ സമരസമിതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സന്ദർശനം നടത്തി യഥാർഥ അവസ്ഥ നേരിട്ടുകണ്ടത്. കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിന്റെ ലോഡ് കണക്കിന് മണ്ണാണ് ഇവിടെ കൂട്ടിയിട്ടിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പഞ്ചായത്തധികൃതരും റവന്യൂ അധികൃതരും സ്ഥലത്ത് സന്ദർശിക്കുകയും നിയമലംഘനം ബോധ്യപ്പെട്ട് ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സമിതി രൂപവത്കരിക്കുകയും ചെയ്തു. സമിതി തീരുമാനത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ക്വാറിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറും റിപ്പോർട്ടിലെ അപാകതകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ഞായറാഴ്ച നടത്തിയ സന്ദർശനത്തിൽ പുതിയ പല നിയമലംഘനങ്ങളും ശ്രദ്ധയിൽപെട്ടതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ തോടിന്റെ ഒഴുക്ക് പൂർണമായും തടസ്സപ്പെടുത്തി ക്വാറിയിലേക്ക് റോഡ് നിർമിച്ചതായും നാട്ടുകാർ പറഞ്ഞു.
യാതൊരു കാരണവശാലും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. നിലവിൽ നിരവധി ക്വാറികളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന പ്രദേശം കൂടിയാണിത്. സന്ദർശനത്തിന് സമരസമിതി ഭാരവാഹികളായ ബഷീർ പുതിയോട്ടിൽ, കബീർ കണിയാത്ത്, വാർഡ് മെംബർ കോമളം തോണിച്ചാൽ, സുജ ടോം, മുനീർ ഗോതമ്പ റോഡ്, രമേശൻ തോണിച്ചാൽ, സജ്ന ബാലു ജെയിംസ് സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.