കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറിയിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. മാനാഞ്ചിറക്ക് സമീപം നഗരത്തിലെ കണ്ണായ സ്ഥലത്താണ് കോംട്രസ്റ്റ് സ്ഥിതിചെയ്യുന്നത്. 2009 മുതൽ പൂട്ടിക്കിടക്കുന്ന സ്ഥാപനവും സ്ഥലവും സാമൂഹിക വിരുദ്ധരുടെ താവളമാണ്. കെട്ടിടത്തെ ലഹരി ഉപയോഗ കേന്ദ്രമായി ഉപയോഗിക്കുന്ന ഇവർ പാചകം ഉൾപ്പെടെ ചെയ്ത് ഇവിടെ സ്ഥിരമായി തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വർഷങ്ങളായി അടച്ചുപൂട്ടിക്കിടന്ന ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. തീപിടിത്തം സാമൂഹിക വിരുദ്ധരെ ഉപയോഗിച്ച് ഭൂമാഫിയ നടത്തിയതാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര മുഴുവൻ കത്തിനശിച്ചു.അഗ്നിശമന സേനയുടെ ഒമ്പതോളം യൂനിറ്റുകളെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് നഗരകേന്ദ്രത്തിലെ വലിയൊരു ദുരന്തം ഒഴിവായത്. കെട്ടിടത്തിൽ തീ പടരാനുള്ള ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്നും കാലങ്ങളായി ഇവിടത്തെ വൈദ്യുതി ലൈൻ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. ചപ്പുചവറുകൾ ഉള്ളിടത്തല്ല കെട്ടിടത്തിനകത്താണ് തീ പടർന്നത് എന്നതും സംശയാസ്പമാണ്. അതിനാൽതന്നെ സാമൂഹിക വിരുദ്ധരുടെ സഹായത്തോടെ ഭൂമാഫിയ സൃഷ്ടിച്ച തീപിടിത്തമാണെന്ന് സംശയിക്കുന്നതായി സംയുക്തസമരസമിതി നേതാവ് പി. ശിവപ്രസാദ് പറഞ്ഞു.
2009 ഫെബ്രുവരി ഒന്നിനാണ് സ്ഥാപനം അടച്ചുപൂട്ടിയത്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഓർഡിനൻസിൽ 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ഒപ്പിട്ടെങ്കിലും വർഷം ആറു കഴിഞ്ഞിട്ടും ഏറ്റെടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല.ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിട്ട് ഒരുവർഷവും 156 ദിവസവുമായി. ഇപ്പോഴും സംയുക്തസമരസമിതി കോംട്രസ്റ്റിനു മുന്നിൽ അനിശ്ചിതകാലസമരം നടത്തുകയാണ്.
ഫാക്ടറി അടഞ്ഞുകിടന്ന കാലത്ത് 1.63 ഏക്കർ ഭൂമി മാനേജ്മെന്റിൽനിന്ന് സ്വകാര്യ സംരംഭകർ വാങ്ങിയിരുന്നു. സ്ഥലം വിൽപന പാടില്ലെന്ന കലക്ടറുടെ ഉത്തരവ് മറികടന്നായിരുന്നു വിൽപന.
കോംട്രസ്റ്റിന്റെ തന്നെ 45 സെന്റ് ഭൂമി ജില്ല കോഓപറേറ്റിവ് ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയും വാങ്ങിയിട്ടുണ്ട്.ഫാക്ടറി അടച്ചിട്ടിരുന്ന കാലത്ത് മാനേജ്മെന്റ് വിൽപന നടത്തിയ സ്ഥലങ്ങൾ തിരികെ പിടിക്കുന്നതിന് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തികൾ കൈയടക്കിയ ഫാക്ടറി ഭൂമി സംസ്ഥാന സർക്കാർ തിരിച്ചുപിടിക്കണമെന്നും കോംട്രസ്റ്റ് ഏറ്റെടുക്കൽ ബിൽ നിഷ്കർഷിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.