നാദാപുരം: ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി നീർത്തട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഏഴാം വാർഡിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം അനുവദിച്ച നുച്ചിക്കണ്ടി തോടിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി. പദ്ധതി പ്രകാരം 12.5 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഇല്ലത്ത്താഴെ തോടിന് 8.5 ലക്ഷം, പത്താം വാർഡിലെ ഈശ്വരംപുറത്ത് വലിയ കൊയിലോത്ത് തോടിന് 12 ലക്ഷം, പതിനൊന്നാം വാർഡിലെ പാലോളിത്താഴ തോടിന് 9.5 ലക്ഷം, അഞ്ചാം വാർഡിലെ കുന്നമംഗലം ഇല്ലംകുളം നവീകരണത്തിന് 12 ലക്ഷം രൂപ, പന്ത്രണ്ടാം വാർഡിലെ നരിക്കാട്ടേരി തയ്യിൽ താഴെ തോടിന് 40 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. പ്രവർത്തനത്തിന് സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.
കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് പുളിക്കൂൽ തോട് നവീകരണത്തിന് 26 ലക്ഷം രൂപയുടെയും ഏഴാം വാർഡിലെ കത്തർകണ്ടി തോടിന് ഒമ്പതു ലക്ഷം രൂപയുടെയും നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെട്ട കക്കംവെള്ളിത്തോട് നവീകരണത്തിന് 25.5 ലക്ഷം രൂപയുടെയും ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇവയുടെ ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ ഉടൻ പ്രവൃത്തി ആരംഭിക്കും. കൂടാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുളിക്കൂൽ തോട്ടിൽ വി.സി.ബി കം ബ്രിഡ്ജ് നിർമാണത്തിന് 50 ലക്ഷം രൂപയുടെയും മണക്കുളങ്ങര കുളം നവീകരണത്തിന് 22.5 ലക്ഷം രൂപയുടെയും പുളിക്കൂൽ തോട്ടിലെ ജലസംരക്ഷണത്തിന് 20 ലക്ഷം രൂപയുടെയും ഭരണാനുമതിയും പൂർത്തിയായി.
പി.എം.കെ.എസ്.വൈ പദ്ധതിയിലൂടെ പള്ളിപ്പൊയിൽ കുളം നവീകരണത്തിന് ഏഴുലക്ഷം രൂപയും ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വി.വി. മുഹമ്മദലി അറിയിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് നീർത്തട ജലസംരക്ഷണ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നടന്നത്. ഏഴാം വാർഡിൽ നടന്ന ചടങ്ങിൽ സി.കെ. നാസർ, മെംബർമാരായ പി.പി. ബാലകൃഷ്ണൻ, റീന കിണമ്പ്രേമ്മൽ, വി.പി. കുഞ്ഞിരാമൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ. കുഞ്ഞാലി, എൻ.കെ. ജമാൽ ഹാജി, കെ.സി. വാസു, പി.കെ. അഷ്‌റഫ്, കെ.പി. സുബൈർ, മഠത്തിൽ അന്ത്രു, ഒ.പി. ഭാസ്കരൻ, പാച്ചാക്കൂൽ ജമാൽ ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.