നാദാപുരം: ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളുകൾ തുറക്കുന്നതിെൻറ പ്രാരംഭ പ്രവർത്തനം ആരംഭിച്ചതോടെ സ്കൂൾ ബസുകളുടെ നടത്തിപ്പിനെ ചൊല്ലി അധികൃതർ കടുത്ത ആശങ്കയിൽ. സ്കൂൾ ബസിെൻറ നടത്തിപ്പിൽ സർക്കാർ കൊണ്ടുവന്ന നിർദേശങ്ങളാണ് വിദ്യാലയ അധികൃതരെയും സ്ഥാപന ഉടമകളെയും കുഴക്കുന്നത്.
സ്കൂൾ വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിർദേശമാണ് പരിഗണനക്ക് വന്നിരിക്കുന്നത്. സർക്കാർ പുറപ്പെടുവിച്ച നിർദേശം പാലിച്ചാൽ ഒരു ബസിൽ സീറ്റിെൻറ പകുതി കുട്ടികളെ മാത്രം കയറ്റാനാണ് കഴിയുക. ഈ നിർദേശം നടപ്പാക്കിയാൽ വന്നുചേരുന്ന അധിക സാമ്പത്തിക ബാധ്യത സ്കൂൾ അധികൃതർ കണ്ടെത്തണം. അധികബാധ്യത എങ്ങനെ നിറവേറ്റും എന്നതാണ് ഈ രംഗത്തുള്ളവരെ കുഴക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ മിക്ക വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത് വാഹന സൗകര്യത്തോടെയാണ്. ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിർദേശം പാലിച്ച് വാഹനങ്ങൾ ഓടിക്കുന്നതിലെ അപ്രായോഗികതയും സാമ്പത്തിക ബാധ്യതയും ഇവർ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ സ്കൂൾ ബസിെൻറ നടത്തിപ്പിനാവശ്യമായ ചെലവുകൾ വിദ്യാലയ അധികൃതർ തന്നെയാണ് കണ്ടെത്തുന്നത്. പ്ലസ് ടു, ഹൈസ്കൂൾ, അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്താൻ സ്കൂൾ ബസുകളെയാണ് ആശ്രയിക്കുന്നത്.ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കാനുള്ള നീക്കമാണ് പരിഗണിക്കുന്നത് എന്നതിനാൽ വാഹന പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വാഹനസൗകര്യമാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ആകർഷകം. ഒരു സ്കൂൾ ബസിന് 22 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
യാത്ര ചെയ്യാവുന്ന കുട്ടികളുടെ എണ്ണം പകുതി ആകുന്നതോടെ കുട്ടികളുടെ എണ്ണം പതിനൊന്നാകും. ഇത്തരത്തിൽ എത്ര സർവിസ് നടത്താൻ കഴിയുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ ചോദിക്കുന്നത്.ഈ വർഷം ജനുവരിയിൽ പത്താം ക്ലാസിൽ പഠനം തുടങ്ങിയപ്പോൾ ഇത്തരം നിർദേശങ്ങൾ കാരണം മേഖലയിൽ ബസുകൾക്ക് സർവിസ് നടത്താൻ കഴിഞ്ഞിട്ടില്ലെന്നും സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് രക്ഷിതാക്കൾ സ്വന്തം ചെലവിൽ വിദ്യാർഥികളെ ക്ലാസിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.