നാദാപുരം: മാലിന്യസംസ്കരണത്തിന് പഞ്ചായത്ത് നിർദേശങ്ങൾ പാലിക്കാത്ത വാണിജ്യസ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്ത് അധികൃതർ പരിശോധന ആരംഭിച്ചു . ഹരിതകർമസേനക്ക് അജൈവ മാലിന്യങ്ങൾ നൽകാതെ പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച പതിനാലാം വാർഡിലെ സ്വകാര്യ വ്യക്തിക്ക് 2000 രൂപ പിഴചുമത്തി.
ഉദ്യോഗസ്ഥർ നേരിട്ടെത്തി വീട്ടുവളപ്പിൽ പരിശോധന നടത്തുകയായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേന മുഖേനയുള്ള പാഴ്വസ്തുശേഖരണം പൂർണതയിലേക്ക് എത്തി. കല്ലാച്ചിയിലെ വാണിജ്യ സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി.
അടുത്ത ദിവസം നാദാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കംചെയ്യും. പരിശോധനയിലും നടപടിയിലും ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു, മറ്റ് ഉദ്യോഗസ്ഥരായ വി.എൻ.കെ. സുനിൽകുമാർ, എം.ടി. പ്രജിത്ത്, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
മാലിന്യസംസ്കരണത്തിന് പഞ്ചായത്തുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട് എന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ. അരുൺ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.