നാദാപുരം: ചേലക്കാട് ടൗണിനടുത്ത് അനധികൃതമായി പ്രവർത്തിച്ചുവന്ന കരിങ്കൽ ക്വാറിക്കെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ജിയോളജി വകുപ്പിൽനിന്നോ പഞ്ചായത്തിൽനിന്നോ അനുമതിപത്രം വാങ്ങാതെ പ്രവർത്തിച്ചുവരുന്നതിനിടയിലാണ് റവന്യൂ അധികൃതരുടെ നടപടി. വടകര തഹസിൽദാർ ആശിഖ് തോട്ടോർ, ഡെപ്യൂട്ടി തഹസിൽദാർ വി.ടി. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ ക്വാറിയിൽ പരിശോധന നടത്തിയത്.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചെടുത്ത കരിങ്കല്ല് നിറച്ച 12 ടിപ്പർ ലോറി, രണ്ട് കമ്പ്രസർ എന്നിവ റവന്യൂ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇവ പിന്നീട് നാദാപുരം പൊലീസിന് കൈമാറി.
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാതെ ദിവസവും 60 മുതൽ 100 വരെ കരിങ്കൽ ലോഡുകളാണ് ഇവിടെനിന്ന് പുറത്തേക്ക് കടത്തിയിരുന്നത്. നാദാപുരം, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏക്കർകണക്കിന് ക്വാറിയുടെ അതിർത്തി നിർണയംപോലും ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ ഏതു ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ഭാഗത്താണ് കരിങ്കൽ ഖനനം നടക്കുന്നതെന്ന് ഇരു പഞ്ചായത്തുകൾക്കും അറിവില്ല. ഇതേത്തുടർന്ന് നികുതിയിനത്തിൽ ലഭിക്കേണ്ട വൻ തുകയുടെ നഷ്ടമാണ് പഞ്ചായത്തിനുണ്ടാകുന്നത്.
റവന്യൂ അധികൃതരാണ് അതിർത്തി നിർണയം നടത്തേണ്ടതെന്ന നിലപാടാണ് ഗ്രാമപഞ്ചായത്തുകൾക്ക്.
ക്വാറിയിൽനിന്ന് ലോഡുകണക്കിന് കരിങ്കല്ല് പൊട്ടിച്ചെടുക്കാൻ വൻതോതിൽ സ്ഫോടക വസ്തുക്കൾ വേണം. ഖനനാനുമതി ലഭിച്ചിട്ടില്ലാത്ത ക്വാറിയിലേക്ക് എത്തുന്ന ഈ സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് ശ്രമിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നത് ദുരൂഹമായി തുടരുന്നു.
വൻതോതിൽ സ്ഫോടക വസ്തുക്കളാണ് ദിവസവും ഇവിടേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്ഫോടകവസ്തു കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ഇല്ലാതെ ഇത്രയും നാൾ ദിവസേന നൂറുകണക്കിന് ലോഡ് കരിങ്കല്ല് എങ്ങനെ പൊട്ടിച്ചു എന്നതിനും പഞ്ചായത്ത് അധികൃതർക്കോ പൊലീസിനോ മറുപടിയില്ല.
ആർ.ഡി.ഒ സി. ബിജുവിെൻറ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.
വടകര തഹസിൽദാർ ആശിഖ് തോട്ടോർ, എൽ.ആർ തഹസിൽദാർ കെ.കെ. പ്രസി, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, നാദാപുരം വില്ലേജ് ഓഫിസർ ഉമേഷ് കുമാർ, താലൂക്ക് ഓഫിസ് ജീവനക്കാരായ അഭിലാഷ്, സത്യൻ, സുധീർ കുമാർ, വിവേക്, ധനേഷ് എന്നിവരും നാദാപുരം എസ്.ഐ വിശ്വനാഥൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശരത്, ഷൈജു എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.