നാദാപുരം: വേനൽമഴ ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധയും വർധിച്ചു. നാദാപുരത്ത് ആദ്യ ഡെങ്കു കേസ് റിപ്പോർട്ട് ചെയ്തു. മൂന്നാം വാർഡിലെ ഇയ്യങ്കോട്ട് 30 വയസ്സുള്ള യുവതിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കൊതുകിന്റെ ഉറവിട ശേഖരങ്ങൾ കണ്ടെത്തി. കൂടാതെ വിഷ്ണുമംഗലം പുഴയുടെ വെള്ളം വറ്റിയ ഭാഗങ്ങളിൽ പാറമടകളിലും കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി. ലാർവകളെ നശിപ്പിക്കാനുള്ള സ്പ്രേയിങ് ആരംഭിച്ചു.
ആശാവർക്കർമാർ, മറ്റ് സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ വീടുകളിൽ പരിശോധനക്ക് സംവിധാനമൊരുക്കി. വീടുകളിൽ കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെയും പകർച്ചവ്യാധികൾ യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കാതിരിക്കുകയും ചെയ്യുന്നവരുടെയും പേരിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം. ജമീലയും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയും അറിയിച്ചു.
കൊതുക് നശീകരണവും, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയുമാണ് ഫലപ്രദമായ പ്രതിരോധ മാർഗം. കടുത്ത പനി, തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, തൊലിപ്പുറത്തെ തിണർപ്പുകൾ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി ശക്തമാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.