നാദാപുരം: ഉരുൾപൊട്ടലിൽ വീടുവിട്ടവർ തിരിച്ചെത്തിയപ്പോഴേക്കും ഭീതിയിലാഴ്ത്തി വീണ്ടും കനത്തമഴ. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, പാനോം ഭാഗങ്ങളിലെല്ലാം ബുധനാഴ്ച പകലും ശക്തമായ മഴ അനുഭവപ്പെട്ടു. പുഴയിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ കനക്കുന്നതോടെ വീണ്ടുമൊരു അപകടം വന്നെത്തുമോ എന്ന ചിന്ത എല്ലാവരെയും പേടിപ്പെടുത്തുകയാണ്.
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലങ്ങളിൽ ഭൂമിക്ക് കനത്ത വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശങ്ങളിലെ മുഴുവനാളുകളെയും സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ സംവിധാനമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജീവനോപാധികൾ മലമുകളിലും താമസം മറ്റു സ്ഥലങ്ങളിലും എന്നതാണ് നിലവിലെ അവസ്ഥ. തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടിയ അടിച്ചിപ്പാറ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞ് പാറക്കൂട്ടങ്ങളടക്കം താഴേക്ക് പതിച്ചു. ജലനിരപ്പ് ഉയർന്നതോടെ മഞ്ഞൾച്ചീളിലെ 23 കുടുംബങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവരെല്ലാം വീടുകളിലേക്ക് മടങ്ങിയെങ്കിലും തുടർച്ചയായി പെയ്യുന്ന കനത്ത മഴ ആശങ്ക ഉയർത്തിയതോടെ വീണ്ടും വാടക വീടുകളിലേക്ക് മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.