നാദാപുരം: വിലങ്ങാട് ജൂലൈ 31ന് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദുരിതം കടന്നു പോകുന്നതിനിടെ നാശം വിതച്ച മറ്റൊരു ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർഷിക ഓർമ അയവിറക്കി നാട്ടുകാർ. ജില്ലയിലെ മലയോര മേഖലയായ വാണിമേല്‍ പഞ്ചായത്തില്‍ വിലങ്ങാട് ആലിമൂല മലയില്‍ ശക്തമായ ഉരുള്‍പൊട്ടിയത് 2018 ആഗസ്റ്റ് എട്ടിനായിരുന്നു. കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെ നാല് പേരാണ് അന്ന് ദുരന്തത്തിനിരയായത്. എട്ടാം തീയതി വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് നാടിനെ വിറപ്പിച്ച് ഉരുള്‍പൊട്ടലുണ്ടാത്.12 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലാക്കിയും നിരവധി വീടുകള്‍ തകർത്തെറിഞ്ഞും ഉരുൾപൊട്ടൽ നാശം വിതച്ചു.
താമസയോഗ്യമല്ലാതായ വീടുകൾ പ്രേതാലയം പോലെ ഇന്നും കാടുമൂടിക്കിടക്കുകയാണ്. കുറ്റിക്കാട്ട് ബെന്നി (55), ഭാര്യ മേരിക്കുട്ടി (52), മകന് അഖില്‍ ഫിലിപ്പ് (21), മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി (48) എന്നിവരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ദാസനെ നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ശക്തമായ മഴയോടൊപ്പം ഉഗ്ര ശബ്ദത്തോടെ മലമുകളില്‍ നിന്ന് പാറക്കൂട്ടങ്ങളും, മരങ്ങളും, മണ്ണും കുത്തിയൊഴുകി ഇവരുടെ വീടുകള്‍ക്ക് മുകളില്‍ പതിച്ചു. വീടിനുള്ളില്‍ കുടുങ്ങിയാണ് മൂന്ന് പേര് മരിച്ചത്. ബെന്നിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള ദാസന്റെ വീട്ടിലേക്ക് ഉരുള്‍ ഇരച്ചെത്തിയതോടെ ദാസനും ഭാര്യ ലിസിയും വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ദാസന് മണ്ണിനടിയില്‍ പെടുകയും ലിസി ഒഴുകി പോവുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കുത്തിയൊലിക്കുന്ന മല വെള്ളപ്പാച്ചിലില്‍ കഴുത്തറ്റം ചളിയില്‍ പുതഞ്ഞ ദാസനെ വടം കെട്ടി അതി സാഹസികമായി രക്ഷപ്പെടുത്തി. പാലൂര് മാടാഞ്ചേരി റോഡില്‍ കുറ്റിക്കാട്ടില്‍ ഫിലിപ്പ് എന്ന ബേബിച്ചന്റെ കൃഷിയിടത്തില്‍ നിന്നാണ് ഉരുള്‍ പൊട്ടിയത്. 100 മീറ്ററോളം കൃഷിയിടത്തിലൂടെ ഒഴുകി ഇറങ്ങി കുറ്റിക്കാട്ടില്‍ റോയ്, സജി എന്നിവരുടെ കൃഷിയിടത്തിലൂടെ രണ്ടായി പിരിഞ്ഞ് വീണ്ടും ഒന്നാവുകയും വീടുകള്‍ തകര്‍ത്ത് റോഡിലൂടെ ഒരു കിലോമീറ്ററോളം ഒഴുകി വിലങ്ങാട് ടൗണിലൂടെ ഒഴുകിയെത്തി പുഴയില്‍ പതിച്ചു. അന്നും കഴിഞ്ഞാഴ്ച സംഭവിച്ചത് പോലെ വിലങ്ങാട് ടൗണിനും പരിസരത്തും വ്യാപക നാശമാണ് ഉരുൾ വിതച്ചത്.
നിരവധിവാഹനങ്ങള്‍ കൂറ്റന്‍ കല്ലുകള്ക്കിടയില്കുടുങ്ങി നശിക്കുകയും വ്യാപക കൃഷിനാശം നേരിടുകയുമുണ്ടായി. ദുരന്തത്തിനിരയായവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് കോടികളുടെ നഷ്ടം വരുത്തി പുതിയൊരു ഉരുൾ ദുരന്തം കൂടി വിലങ്ങാടിനെ തേടിയെത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.