നാദാപുരം: ഒമ്പതാം വാർഡിലെ ചേലക്കാട് പൗർണമി വായനശാല ഭാഗത്ത് മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് യുവാവ് മരണപ്പെടുകയും എട്ട് പേർക്ക് രോഗബാധ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 50ലധികം വീടുകളിൽ ക്ലോറിനേഷൻ നടത്തി. ആരോഗ്യ പ്രവർത്തകരുടെ സംഘം മുഴുവൻ വീടുകളും സന്ദർശിച്ച് ബോധവത്കരണം നടത്തി നോട്ടിസ് വിതരണം ചെയ്തു.
രോഗ പ്രതിരോധ ബോധവത്കരണ അനൗൺസ്മെന്റും നടത്തി. മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കും. രോഗബാധയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തിലെ മുഴുവൻ കൂൾബാർ, ഹോട്ടൽ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. റോഡരികിൽ കരിമ്പ് ജ്യൂസ് ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ വിൽപന നടത്തുന്നത് പൂർണമായി നിരോധിക്കും.
ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.
യോഗത്തിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ, പഞ്ചായത്ത് സെക്രട്ടറി എൻ. ഷമില, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.