നാദാപുരം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന ഗോൾഡ് പാലസ് ജ്വല്ലറി കേസ് വഴിതിരിച്ചു വിടാൻ നീക്കം നടക്കുന്നതായി നിക്ഷേപകരുടെ ആക്ഷേപം. തട്ടിപ്പ് നടന്ന കല്ലാച്ചി ന്യൂ ഗോൾഡ് പാലസ് ജ്വല്ലറി ഉടമകളിലൊരാൾ ജീവനക്കാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയതാണ് നിക്ഷേപകരിൽ ആശങ്കയുയർത്തിയത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ജ്വല്ലറി ഉടമ വി.പി. സബീറാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പുതിയ പരാതി നൽകിയത്. ജ്വല്ലറി ജീവനക്കാർ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം ജ്വല്ലറിയിൽനിന്നു കടത്തിക്കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന പ്രതികളും ജ്വല്ലറി മാനേജർമാരുമായ കുളങ്ങരത്താഴ താഴെചീളിയിൽ ടി.സി. ഇർഷാദ്, വടയം വള്ളാപറമ്പത്ത് റുംഷാദ് എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് മോഷണക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ, നിക്ഷേപകരിൽനിന്നും ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചത് ജ്വല്ലറി ഉടമകളാണ്.
പണമായും സ്വർണമായുമാണ് ഇവർ നിക്ഷേപം സ്വീകരിച്ചത്. മാസങ്ങളായി ലാഭവിഹിതം ലഭിക്കാതായതോടെയാണ് നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടയിൽ കുറ്റ്യാടി, പയ്യോളി ശാഖകൾ പൂട്ടുകയും ചെയ്തു. ആഗസ്ത് 26ന് നിക്ഷേപകർ കല്ലാച്ചിയിലെ ജ്വല്ലറിയിൽ എത്തി പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്. ജനങ്ങളിൽ നിന്നു പിരിച്ചെടുത്ത പണം സ്ഥാപനങ്ങളിൽ മുടക്കാതെ വിദേശത്തും നാട്ടിലുമുള്ള മറ്റു ബിസിനസ് സംരംഭങ്ങളിലേക്ക് വക മാറ്റിയതായി നിക്ഷേപകർ ആരോപിച്ചിരുന്നു. കുളങ്ങരത്താഴ ജ്വല്ലറി ഉടമകളിൽ ചിലരുടെ പേരിൽ പുതിയ വ്യാപാര സ്ഥാപനം തുടങ്ങാനും നീക്കമുണ്ടായിരുന്നു. തട്ടിപ്പ് വാർത്ത പുറത്ത് വന്ന ഉടനെ വളയത്തെ ഒരു ജീവനക്കാരിയെ കേന്ദ്രീകരിച്ച് ആരോപണം ഉന്നയിക്കാനും ശ്രമമുണ്ടായി. ജീവനക്കാരിൽ കുറ്റം ചുമത്തി കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമാണ് പുതിയ കേസിെൻറ പിന്നിലെന്നാണ് പണം നഷ്ടപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.