നാദാപുരം: കല്ലാച്ചിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അപകടകരമായ സാഹചര്യത്തിൽ കഴിഞ്ഞ താമരശ്ശേരി അമ്പായത്തോട്ടിലെ വൃദ്ധദമ്പതികളായ മയിലമ്മയെയും ഭർത്താവ് ബാലസാമിയെയും നാട്ടിലെത്തിച്ചു.
ഇവരുടെ ദയനീയസ്ഥിതി വിവരിച്ച് ബുധനാഴ്ച 'മാധ്യമം' നൽകിയ വാർത്തയെ തുടർന്ന് എടച്ചേരി തണൽ പ്രവർത്തകരാണ് ആശ്വാസപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തിയ സന്നദ്ധപ്രവർത്തകരായ ഇ.പി. അബൂബക്കർ ഹാജി, സി.കെ. ഖാസിം, സൂപ്പി കക്കട്ടിൽ, സി.കെ. നാസർ എന്നിവർ ചേർന്ന് ദമ്പതിമാരെ തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
കുടുംബം ഇവിടേക്ക് മാറാൻ കൂട്ടാക്കിയില്ല. ഇതോടെ നാദാപുരം പൊലീസിന്റെ സഹായംതേടി. പൊലീസ് ഉദ്യോഗസ്ഥർ താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉച്ചയോടെ താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ചു.
അമ്പായത്തോട് മിച്ചഭൂമിയിൽ പണിതീരാത്ത വീടുണ്ടെന്നാണ് ഇവർ പറഞ്ഞത്. വീട് പണിയാൻ പണം കണ്ടെത്താനാണ് നാടുവിട്ടതെന്നാണ് പറയുന്നത്. എത്തിപ്പെടുന്ന സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താമസ സ്ഥലമാക്കും.
ഒരാഴ്ചയായി വെയിലും മഴയുമേറ്റ് കല്ലാച്ചി മാർക്കറ്റ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇവരുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. അസുഖം കാരണം മയിലമ്മയുടെ കാലുകൾ തളർന്നതിനാൽ വീൽചെയറിലായിരുന്നു സഞ്ചാരം.
വാർത്തയറിഞ്ഞ് സാമൂഹികനീതി വകുപ്പിന്റെ കീഴിലെ സീനിയർ സിറ്റിസൺസ് ഹെൽപ് ലൈൻ പ്രവർത്തകരും സഹായവുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.