പേരാമ്പ്ര: അച്ഛാ അമ്മയെ കൊന്ന നിപ വീണ്ടും വന്നോ എന്ന ഋതുലിെൻറ ചോദ്യത്തിനു മുന്നിൽ സജീഷ് ഒന്നു പകച്ചു. നിപ വന്നാലും ഇനി ഒരമ്മയെയും കൊല്ലാൻ നമ്മുടെ ഡോക്ടർമാർ വൈറസിനെ അനുവദിക്കില്ലെന്നായിരുന്നു സജീഷിെൻറ മറുപടി. എട്ടു വയസ്സുകാരൻ ഋതുലിെൻറയും അഞ്ചു വയസ്സുകാരൻ സിദ്ധാർഥിെൻറയും അമ്മ സിസ്റ്റർ ലിനിയെ നിപ കൊണ്ടുപോയത് 2018 മേയ് 21 ആണ്. നിപ രോഗിയായ സൂപ്പിക്കടയിലെ സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിചരിക്കുന്നതിനിടെയാണ് ലിനിക്ക് നിപ ബാധിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേറ്റഡ് ഐ.സി.യുവിൽനിന്ന് ഡ്യൂട്ടി നഴ്സിനോടു വാങ്ങിയ ഒരു തുണ്ടു കടലാസിൽ വിദേശത്തുള്ള ഭർത്താവ് സജീഷ് പുത്തൂരിന് അവർ എഴുതിയ കത്ത് ലോകത്തെതന്നെ കരയിപ്പിച്ചു. 16ന് രാവിലെ ഡ്യൂട്ടിക്കു പോയ ലിനി പിന്നീട് വീട്ടിലേക്കു തിരിച്ചുചെന്നിട്ടില്ല. രണ്ടു വയസ്സുള്ള ഇളയ മകൻ സിദ്ധാർഥ് വൈകീട്ട് അമ്മയെയും കാത്ത് ഉമ്മറത്ത് ഇരിക്കുന്നത് പതിവായിരുന്നു. മൂത്ത മകൻ അന്നത്തെ അഞ്ചു വയസ്സുകാരൻ ഋതുലും ഏറെ വൈകിയാണ് അമ്മ ഇനി തിരിച്ചു വരില്ലെന്നറിഞ്ഞത്.
പ്രിയതമ രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞതോടെ ഭർത്താവ് സജീഷ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. അവസാനമായി ലിനിയെ ഐ.സി.യുവിൽ കയറി കാണുകയും ചെയ്തു. പിറ്റേ ദിവസം അവൾ യാത്രയാവുകയും ചെയ്തു. ബന്ധുക്കൾക്ക് അന്ത്യചുംബനംപോലും നൽകാൻ കഴിയാതെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിലാണ് ആ മാലാഖ എരിഞ്ഞടങ്ങിയത്.
ലിനി യാത്രയായതോടെ അവരുടെ അമ്മക്കും മക്കൾക്കുമൊപ്പം സജീഷ് ചെമ്പനോടയിലെ പുതുശ്ശേരി വീട്ടിലാണ് താമസം. ലിനിയോടുള്ള ആദരവായി സർക്കാർ സജീഷിന് കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ക്ലർക്കായി ജോലി നൽകി. താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്കിന് ലിനിയുടെ പേര് നൽകി. ലോകാരോഗ്യ സംഘടനയും ലിനിയുടെ ജീവത്യാഗത്തെ അനുസ്മരിച്ചിട്ടുണ്ട്.
'ഒരാൾക്കും ഞങ്ങളുടെ അനുഭവമുണ്ടാവരുത്'
പേരാമ്പ്ര: ഇനി ഒരാൾക്കും ഞങ്ങളുടെ അനുഭവമുണ്ടാവരുതെന്നാണ് നിപ വൻ ദുരന്തം വിതച്ച കുടുംബത്തിലെ അവസാന കണ്ണിയായ മുഹമ്മദ് മുത്തലിബിന് പറയാനുള്ളത്. ജില്ലയിൽ വീണ്ടും നിപ വന്ന് 12കാരൻ മരിച്ചതോടെ പഴയ ഓർമകൾ വീണ്ടും മുത്തലിബിനെ തേടിയെത്തി.
2018 മേയ് അഞ്ചിനാണ് മുത്തലിബിെൻറ മൂത്ത സഹോദരൻ മുഹമ്മദ് സാബിത്ത് പനിയെ തുടർന്ന് മരിച്ചത്. തുടർന്ന് മേയ് 18ന് മറ്റൊരു സഹോദരൻ സാലിഹും മരണത്തിന് കീഴടങ്ങി. പിന്നീട് മൂത്തുമ്മ മറിയവും അടുത്ത ദിവസം ഉപ്പ മൂസ മുസ്ലിയാരും നിപ ബാധിച്ച് മരിച്ചപ്പോൾ മുത്തലിബിനെയും ഉമ്മ മറിയത്തെയും ആശ്വസിപ്പിക്കാൻ പോലും അടുത്ത ചില ബന്ധുക്കളൊഴിച്ച് ആരും ഉണ്ടായിരുന്നില്ല. മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളതുകൊണ്ടുതന്നെ ഏതു നിമിഷവും മരണ വൈറസ് തങ്ങളെയും തേടിവരുമെന്ന ഭീതിയിൽ കഴിഞ്ഞ ദിനരാത്രങ്ങൾ ഓർക്കാൻപോലും ഭയമാണെന്ന് മുത്തലിബ് പറയുന്നു. മൂസ-മറിയം ദമ്പതികൾക്ക് നാലു മക്കളാണ് ഉണ്ടായിരുന്നത്.
2013ൽ ഒരു സഹോദരൻ മുഹമ്മദ് സാലിം ബൈക്കപകടത്തിൽ മരിച്ചിരുന്നു. ആ മകൻ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന മറിയത്തിന് 2018ൽ നാല് ഉറ്റവരെ കൂടിയാണ് നഷ്ടമായത്. ഉറ്റവർ നഷ്ടപ്പെട്ട് തീരാവേദനയിൽ കഴിഞ്ഞ കുടുംബത്തെ അപകീർത്തിപ്പെടുത്താനും ശ്രമം നടന്നത് ഇവർക്ക് വലിയ വേദനയുണ്ടാക്കി. സാബിത്തിന് വിദേശത്തുനിന്നാണ് രോഗം പകർന്നതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുമുള്ള പ്രചാരണമാണ് ചിലർ നടത്തിയത്. എന്നാൽ, അതെല്ലാം കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
നിപ: നടുക്കുന്ന ഓർമയിൽ ഉമ്മത്തൂർ
നാദാപുരം: ജില്ലയിൽ ഇടവേളക്കുശേഷം നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ ആ പേടിപ്പെടുത്തുന്ന ഓർമകളുമായി ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ ഗ്രാമം. പേരാമ്പ്രക്ക് പുറത്ത് നിപയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് നാദാപുരം പാറക്കടവിലെ ഉമ്മത്തൂരിലായിരുന്നു. പാറക്കടവിലെ ലോറി ഡ്രൈവറായ തട്ടാൻറവിട അശോകന് മരണത്തിന് കീഴടങ്ങിയതിന് ശേഷമാണ് നിപയുടെ ഗൗരവം ഭയാനകമായത്. പേരാമ്പ്രയിലെ സൂപ്പിക്കടയിൽ മാത്രമുണ്ടായ രോഗം ജില്ല മുഴുവനും ബാധിക്കുന്നതിെൻറ സൂചനയായിരുന്നു അശോകെൻറ മരണം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അശോകെൻറ മരണം. സിസ്റ്റർ ലിനിയെ പോലെ സേവനപാതയിലാണ് അശോകനെയും നിപ പിടികൂടിയത്. അശോകന് പിതാവ് ചാത്തുവിനെ ചികിത്സിക്കാൻ മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു. അതേ ദിവസമാണ് പേരാമ്പ്ര സൂപ്പിക്കടയിലെ മൂസ പനി ബാധിച്ച മകനുമായി അവിടെ ചികിത്സക്കെത്തിയത്. പനിയുടെ കാഠിന്യത്തില്‍ സ്വബോധമില്ലാത്ത മകനെ സ്കാനിങ്ങിന് കൊണ്ടുപോകാനും മറ്റുമായി കഷ്ടപ്പെടുന്ന മൂസയെ സഹായിക്കാന്‍ ആരും കൂട്ടിനുണ്ടായിരുന്നില്ല. തുടർന്ന് മൂസക്ക് കൂട്ടായി അശോകനെത്തി. മേയ് പന്ത്രണ്ടിന് അശോകന് പനിയുടെ ലക്ഷണം തുടങ്ങി. ആദ്യം സ്വദേശമായ പാറക്കടവിലെ പ്രൈമറി ഹെല്‍ത്ത് സെൻററിലും 15ന് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സതേടി. പനി മൂര്‍ച്ഛിച്ചതോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അശോകന് എവിടെ നിന്നാണ് നിപ പിടിപെട്ടത് എന്നത് ആദ്യഘട്ടത്തില്‍ ഏറെ ദുരൂഹതയായി തുടര്‍ന്നിരുന്നു. എന്നാല്‍, വിശദമായ പഠനം നടത്തിയ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അനൂപ് കുമാറാണ് മെഡിക്കല്‍ കോളജിലേ സ്കാനിങ് റൂമില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയത്. അശോകെൻറ മകള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.