നാദാപുരം: 84കാരിയായ വയോധികയെ സ്വകാര്യ വ്യക്തിയുടെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ തള്ളി ബന്ധുക്കൾ സ്ഥലം വിട്ടു. പുതിയാപ്പ പാറയുള്ള പറമ്പത്ത് മാണിക്കത്തിനെയാണ് (84) ബന്ധുക്കൾ ഉപേക്ഷിച്ചത്. 15 വർഷം മുമ്പ് ഭർത്താവ് ചന്ദ്രൻ മരിച്ചിരുന്നു. പിന്നിട് വടകര പുതിയാപ്പിലെ ഭർതൃ സഹോദരെൻറ വീട്ടിലായിരുന്നു മാണിക്യം താമസിച്ചിരുന്നത്.
സ്വന്തമായി 10 സെൻറ് സ്ഥലം ഇവർക്കുണ്ടായിരുന്നു. ഈ സ്ഥലം വിറ്റ് ബന്ധുക്കൾ 15 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപിച്ചു. സഹോദരെൻറ മകളുടെ വിവാഹത്തിന് മാണിക്യത്തിൽനിന്ന് പണം വാങ്ങുകയും രണ്ടു മാസംകൊണ്ട് തിരിച്ചുനൽകാമെന്ന് പറയുകയും ഉണ്ടായി. എന്നാൽ, പണം നൽകാതെ അനുജെൻറ ഭാര്യ ആദിയൂരിലെ സ്വകാര്യ വ്യക്തിയുടെ വീട് വാടകക്കെടുത്ത് അവിടെ താമസിപ്പിക്കുകയായിരുന്നു.
പ്രായാധിക്യത്താൽ വിഷമത അനുഭവിക്കുന്ന സ്ത്രീയെ കണ്ടതോടെ നാട്ടുകാർ എടച്ചേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഇടപെട്ട് രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ സമീപത്തെ കടയിൽനിന്ന് നൽകാനും ഇതിനുള്ള പണം വയോധികയുടെ ബന്ധുക്കൾ എത്തിച്ചുനൽകുമെന്നും അറിയിച്ചു.
എന്നാൽ, രണ്ടുമാസം കഴിഞ്ഞും ബന്ധുക്കൾ തിരിഞ്ഞ് നോക്കാതായതോടെ കടക്കാരും നാട്ടുകാരും വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബന്ധുക്കളെ വിളിച്ച് വരുത്തി പുതിയാപ്പയിലെ വീട്ടിലേക്ക് മാണിക്യത്തെ അയച്ചു. വെള്ളിയാഴ്ച രാത്രി ബന്ധുക്കൾ വീണ്ടും ആദിയൂരിലെ വീട്ടിൽ വൃദ്ധയെ തള്ളി കടന്നു കളയുകയായിരുന്നു.
ശനിയാഴ്ച രാവിലെ മഴയിൽ ചോർന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ അവശയായി വൃദ്ധയെ കണ്ടതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു.
എടച്ചേരി സി.ഐ വിനോദ് വലിയാറ്റൂരിെൻറ നേതൃത്വത്തിൽ ജനമൈത്രി പൊലീസും സ്ഥലത്തെത്തി വാർഡ് മെംബർ സീമ, അയൽവാസിയായ നരേന്ദ്രൻ, തണൽ അഗതി മന്ദിരത്തിലെ ജീവനക്കാരൻ രാജൻ എന്നിവരുടെ സഹായത്തോടെ കോവിഡ് പരിശോധന നടത്തി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി.
ക്ഷീണിതയായ മാണിക്യത്തിെൻറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മൊഴിയെടുത്ത് ബന്ധുക്കൾക്കെതിരെ കേസെടുക്കുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.