നാദാപുരം: പൊതുജനാരോഗ്യത്ത് ഭീഷണിയായി സ്വകാര്യ കെട്ടിടങ്ങളിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കുന്നത് തുടരുന്നു. കല്ലാച്ചിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യക്കുഴലുകൾ സ്ഥാപിച്ചിരിക്കുന്നത് പൊതു ഡ്രെയ്നേജുകളിലേക്കാണെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് മാലിന്യം കലർന്ന വെള്ളം ഒഴുകിയെത്തുന്നത് നാദാപുരത്തെ പ്രധാന ജലസ്രോതസ്സായ പുളിക്കൂൽ തോട്ടിലേക്കാണ്. ഇതിൽ മാലിന്യം കലർന്ന് ആളുകൾക്ക് ഉപയോഗിക്കാൻപറ്റാത്ത സ്ഥിതിയാണ്. പ്രദേശത്തെ നിരവധി ആളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജലസംഭരണികൾ
ഈ തോടിനോട് ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഓടകൾക്ക് മുകളിൽ സ്ലാബുകൾ നീക്കി അനധികൃതമായി മലിനജലക്കുഴലുകൾ കണ്ടെത്തണമെന്ന ആവശ്യത്തിന് ഏറെനാളത്തെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നാദാപുരത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. പിഴനൽകി ഇത്തരം സ്ഥാപനങ്ങൾ പഴയനിലയിൽ പ്രവർത്തിക്കുകയാണ് പതിവ്. ബുധനാഴ്ച പരിശോധനയിൽ നാദാപുരം കസ്തൂരികുളത്ത് പഴയ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഷാഫി ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് അശാസ്ത്രീയമായി മലിനജലം പുറത്തെ പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതിനാൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പൂട്ടിക്കുകയും സ്ഥാപന ഉടമക്ക് 10,000 രൂപ പിഴയിടുകയും ചെയ്തു.
മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കിവിട്ടതിനും ശുചിത്വം പാലിക്കാത്തതിനും കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് സ്ഥാപനങ്ങൾക്കെതിരെയാണ് നാദാപുരം ഗ്രാമ അധികൃതർ നടപടി സ്വീകരിച്ചത്. എ.ടു.സെഡ് കഫറ്റീരിയ, ഹോട്ടൽ പ്രകാശ്, ചിക്കീസ് റസ്റ്റാറൻറ്, ഹോട്ടൽ ഫുഡ് പാർക്ക്, മൺകുടം സർബത്ത് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.
ദ്രവമാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിവിട്ടതിന് അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വിവിധ സ്ഥാപനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്ര കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ആർ. ശ്രീജിത്ത്, സി. പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.