നാദാപുരം: മൊഴിചൊല്ലിയ യുവതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർമ സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്ന മുതുവടത്തൂരിൽ സംഘർഷം. കെ.കെ. രമ എം.എൽ.എ യുവതിയുടെ വീട് സന്ദർശിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ എട്ടു കുട്ടികൾക്ക് പരിക്കേറ്റതായി പരാതി. കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുവടത്തൂരിലെ പൂവോളി അബ്ദുല്ലയുടെ വീട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
വിവാഹബന്ധം വേർപെടുത്തിയതിനെ തുടർന്ന് ഫരീദയും ഭർത്താവ് അബ്ദുല്ലയും വർഷങ്ങളായി അകന്നുകഴിയുകയാണ്. ഫരീദ ഭർത്താവിെൻറ മുതുവടത്തൂരിലെ വീട്ടിലും അബ്ദുല്ലയും നാലു മക്കളും കോഴിക്കോട്ടെ ഫ്ലാറ്റിലുമാണ് താമസം. നാട്ടുകാർ ചേർന്ന് കർമസമിതി രൂപവത്കരിച്ച് ഫരീദക്ക് പിന്തുണയുമായി രംഗത്തുവരുകയായിരുന്നു. തനിക്ക് താമസിക്കാനാവശ്യമായ വീടും സ്ഥലവും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫരീദ ഇവിടെ താമസം ആരംഭിച്ചത്.
എന്നാൽ, ഇന്നലെ ഇവരുടെ കുട്ടികൾ അബ്ദുല്ലക്ക് അനുകൂലമായി പ്ലക്കാർഡ് പിടിച്ച് വീടിനുമുന്നിൽ നിൽക്കുമ്പോൾ ഫരീദയുടെ ബന്ധുക്കൾ ആക്രമിച്ചുവെന്നാണ് കുട്ടികൾ പറയുന്നത്. അബ്ദുല്ലയുടെ ബന്ധുക്കൾ ആക്രമിച്ചു എന്ന ആരോപണവുമായി ഫരീദയുടെ സഹോദരിയുടെയും സഹോദരെൻറയും നാലു മക്കളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഫരീദയുടെ അഭ്യർഥന പ്രകാരം പ്രശ്നം പഠിക്കാനാണ് കെ.കെ. രമ എം.എൽ.എ എത്തിയതെന്നാണ് ഫരീദയുടെ ബന്ധുക്കൾ പറയുന്നത്.
കുട്ടികളെ പ്ലക്കാർഡുമായി നിർത്തിയതിന് ഫരീദയും ബന്ധുക്കളും നാദാപുരം പൊലീസിലും ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.
സ്ഥലത്ത് രൂപവത്കരിച്ച കർമസമിതിയിൽ ലീഗ്, കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ അംഗങ്ങളാണ്. സി.പി.എം സമിതിയിൽനിന്നും വിട്ടു നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.