നാദാപുരം: റോഡ് പ്രവൃത്തി പാതിവഴിയിലായതോടെ യാത്രാദുരിതത്തിൽ നാട്ടുകാർ. മഞ്ചാന്തറ കുയ്തേരി റോഡിലാണ് നിർമാണം പാതിവഴിയിലായതോടെ റോഡ് ചളിക്കുളമായി നാട്ടുകാർ ദുരിതം പേറുന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രക്ലേശം പരിഹരിക്കാൻ കലുങ്കിന്റെയും 45 മീറ്റർ റോഡിന്റെയും പ്രവൃത്തി തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു. ഏഴു ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. കാലവർഷത്തിനു മുമ്പ് പൂർത്തീകരിക്കേണ്ട റോഡ് നിർമാണം കരാറുകാരന്റെ അനാസ്ഥയിൽ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ റോഡിൽ ക്വാറി വേസ്റ്റിന് പകരം മണ്ണിട്ട് നികത്തുകയുമുണ്ടായി. കാലവർഷം തുടങ്ങിയതോടെ മണ്ണിട്ട ഭാഗം ചളിക്കുളമായതോടെ ഇതുവഴി കാൽനടയും നിലച്ചു. നേരത്തേ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡ് പൂർണമായും അടച്ചതിനാൽ വാഹന ഗതാഗതം നിലച്ചിരുന്നു.
റോഡ് അടച്ചതോടെ നാട്ടുകാർ വളയം, ഭൂമിവാതുക്കൽ ടൗണുകളിലും ആശുപത്രികളിലും എത്തുന്നത് കിലോമീറ്റർ ചുറ്റിയാണ്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ റോഡ് ചളിക്കുളമായതോടെ റോഡിന്റെ ഒരു ഭാഗം ഒറ്റപ്പെട്ട നിലയിലാണ്. വാണിമേൽ, വളയം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥയിൽ അടഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.