നാദാപുരം: വാർഡ് മെംബർ അറിയാതെ ഗ്രാമസഭ വിളിച്ചു ചേർത്ത സംഭവത്തിൽ ഓംബുഡ്സ്മാൻ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ പുറമേരി പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. പുറമേരി പഞ്ചായത്തിൽ അംഗമറിയാതെ നടത്തിയ ഗ്രാമസഭ റദ്ദ് ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ഉത്തരവിറക്കിയിരുന്നു. ഏഴാം വാർഡ് മെംബറും കോൺഗ്രസ് അംഗവുമായ പി. ശ്രീലത നൽകിയ പരാതിയിലാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടത്.
പഞ്ചായത്ത് സെക്രട്ടറി അധികാര ദുർവിനിയോഗം നടത്തിയതായും ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജ്യോതി ലക്ഷ്മി, സെക്രട്ടറി, ഗ്രാമസഭയുടെ ചുമതലയുള്ള പഞ്ചായത്ത് ഓഫിസ് ക്ലർക്ക് എന്നിവർക്ക് രണ്ടാഴ്ച കിലയിൽ പരിശീലനം നൽകാനുമാണ് ഉത്തരവിട്ടത്. പരിശീലനം നൽകിയ വിവരം പഞ്ചായത്ത് ഡയറക്ടർ ഓംബുഡ്സ്മാനെ അറിയിക്കാനും നിർദേശം നൽകി. 2021 ഡിസംബർ 28 ന് ഗ്രാമസഭ നടത്താൻ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടപ്പോൾ ഇതിൽ അസൗകര്യമുണ്ടെന്ന് മെംബർ ശ്രീലത പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
എന്നാൽ പരാതി പരിഗണിക്കാതെ ഇതേ വാർഡിലെ താമസക്കാരിയായ പഞ്ചായത്ത് പ്രസിഡന്റും തൊട്ടടുത്ത വാർഡ്മെംബറും വാർഡിനു പുറത്തുള്ളവരും ചേർന്ന് യോഗം നടത്തിയെന്നാണ് പരാതി. യോഗത്തിൽ ഒരാൾ തന്നെ ഒന്നിലധികം ഒപ്പിട്ടതും ഓംബുഡ്സ്മാൻ കണ്ടെത്തിയിരുന്നു. യു.ഡി.എഫ് പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. മുസ്ലിം ലീഗ് മുൻ ജില്ല ട്രഷറർ ടി.ടി. ഇസ്മയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുറഹ്മാൻ, മുഹമ്മദ് സാലി, പി. ശ്രീലത, ഷീബ ചെരണ്ടത്തൂർ, എം.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
നാദാപുരം: പുറമേരി പഞ്ചായത്ത് വാർഡ് ഗ്രാമസഭ ചേർന്ന സംഭവത്തിൽ ഓംബുഡ്സ്മാൻ വിധിയുടെ പേരിൽ യു.ഡി.എഫ് പ്രചരിപ്പിക്കുന്നത് അവാസ്തവ കാര്യങ്ങളാണെന്നും ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതായും പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി പറഞ്ഞു. ഉത്തരവിൽ അജണ്ടകൾ മാറ്റി നടത്താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും ഗ്രാമസഭയിലെ അജണ്ടകൾ തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും അവർ അറിയിച്ചു. ഓംബുഡ്സ്മാൻ ഉത്തരവിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് നൽകിയ അപ്പീലിൽ ഇന്നലെയാണ് സ്റ്റേ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.