നാദാപുരം: വളർത്തുമൃഗങ്ങളെ അജ്ഞാതജീവി കൊന്നുതിന്നുന്നു. ഭീതിയോടെ നാട്ടുകാർ. ചൊവ്വാഴ്ചയാണ് ചെക്യാട് പഞ്ചായത്തിലെ നാലാം വാർഡിൽ എളമ്പ പെരുന്നമ്പിലായി മലയിലെ എളമ്പയിൽ ഇന്ദിര അശോകന്റെ ആടിനെ പറമ്പിൽ തീറ്റക്കായി അഴിച്ചുവിട്ടപ്പോൾ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വളയലായിലെ കോമന്റെ വീട്ടിലെ വളർത്തുനായ്ക്കളേയും വടക്കേട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുക്കിടാവിനെയും അഞ്ജാതജീവി കൊന്നു.
ചന്ദ്രൻ തന്റെ കൃഷിയിടത്തിൽ പശുക്കളെ വളർത്തിയിരുന്നു. ഇതിൽ ഒരു പശുക്കിടാവിന്റെ ജഡം തൊഴുത്തിനുസമീപം പകുതിയോളം തിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കാല് മുതൽ കൈവരെയുള്ള ഭാഗങ്ങളും ചെവിയും തിന്നനിലയിലാണ്. ഈ പ്രദേശത്തോട് ചേർന്ന കണ്ണവം വനത്തിന് സമീപത്തെ വളയലായിമലയിൽ കഴിഞ്ഞമാസം പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇതോടെ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ആഴ്ച നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല ഭാഗത്തും കൃഷിടത്തിൽ വളർത്തിയിരുന്ന നായെ അജ്ഞാതജീവി കൊന്നുതിന്നിരുന്നു. കണ്ണവം, വായാട് വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. എന്നാൽ, പുലിയാണ് വളർത്തുമൃഗങ്ങളെ കൊന്നുതിന്നതെന്ന് ഉറപ്പില്ലെന്നും കാമറയും കെണിയും സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും പരിശോധനക്കെത്തിയ വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.