വടകര: വിവാഹം കഴിഞ്ഞ് കൂടെ താമസിച്ച് മുങ്ങിയ വ്യാപാരിയെ തേടി യു.പി സ്വദേശിനി യുവതി അലയുന്നു. നാദാപുരം ആവോലത്തെ വ്യാപാരി പെരിങ്ങത്തൂർ ചെറിയകാട്ട് പുനത്തിൽ സി.കെ.പി. നൂറുദ്ദീനെ തേടിയാണ് ഉത്തർപ്രദേശിലെ ബസ്തിയിലെ മുബഷിറ സമിയുല്ല ഖാൻ (34) എത്തിയത്. എട്ടു വർഷം മുമ്പ് മുംെബെയിൽ നിന്ന് പരിചയപ്പെട്ട ഇവർ രണ്ടു വർഷം മുമ്പ് വിവാഹിതരായിരുന്നു.
പിന്നിട് നൂറുദ്ദീൻ നാട്ടിലേക്ക് തിരിക്കുകയുണ്ടായി. ഭർത്താവിനെ കുറിച്ച് വിവരമില്ലാതായതോടെയാണ് യുവതി കഴിഞ്ഞയാഴ്ച ഇയാളെ തേടി നാദാപുരത്ത് എത്തിയത്. യുവതിയുടെ പരാതിയിൽ പൊലീസ് നൂറുദ്ദീനെ കണ്ടെത്തി യുവതിക്കൊപ്പം രണ്ടു പേരുടെ ജാമ്യത്തിൽ വിട്ടയക്കുകയുണ്ടായിരുന്നു.
മാഹിയിൽ എത്തി യുവതിക്കൊപ്പം മുറിയെടുത്ത നൂറുദ്ദീൻ യുവതിയെ തനിച്ചാക്കി വീണ്ടും മുങ്ങി. ഇതോടെ വീണ്ടും നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയെ പൊലീസ് കേസെടുക്കാതെ മടക്കി അയച്ചെന്ന് യുവതി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഉത്തർപ്രദേശിൽ കേസ് നൽകാനാണ് പൊലീസ് പറഞ്ഞതത്രേ.
വിവാഹിതയായതിനു ശേഷം 22.5 പവൻ സ്വർണാഭരണവും യുവതിയുടെ സഹോദരനിൽ നിന്ന് 8,80,000 രൂപയും നൂറുദ്ദീൻ കൈക്കലാക്കിരുന്നുവത്രെ. ഫെബ്രുവരി 16ന് മുബൈയിൽ നിന്ന് കോഴിക്കോട് എയർ പോർട്ടിൽ എത്തിയ യുവതിയെ സമീപത്തെ ഹോട്ടലിൽ മറ്റൊരാൾക്ക് കാഴ്ച വെക്കാൻ ശ്രമിച്ചതായി റൂറൽ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.
തനിക്ക് നീതി ലഭിക്കണമെന്നും നാദാപുരം പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായും യുവതി പറഞ്ഞു. ബുധനാഴ്ച നാദാപുരം ഡിവൈ.എസ്.പിക്കും വനിത കമീഷനും പരാതി നൽകും. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.