നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമാപനം. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെടുകയും സുരക്ഷ ഉറപ്പാക്കാനുംവേണ്ടി മാറ്റിപ്പാർപ്പിച്ച മൂന്നു ക്യാമ്പുകളാണ് മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർ ഓൺലൈനിൽ നടത്തിയ അവലോകന യോഗത്തിന് ശേഷം പിരിച്ചുവിട്ടത്. അടുപ്പിൽ ആദിവാസി കോളനിയിലെ 68 കുടുംബങ്ങൾ, വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ 292 അംഗങ്ങൾ, വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂളിലെ 35 കുടുംബങ്ങളിൽ ആറ് കുടുംബങ്ങൾ എന്നിവരാണ് ക്യാമ്പിൽ നിന്ന് മാറിയത്. ഇതിൽ പലരും ബന്ധുവീട്ടിലേക്കും പഞ്ചായത്ത് കണ്ടെത്തിയ വാടക വീടുകളിലേക്കുമാണ് മാറിയത്. ക്യാമ്പിൽനിന്ന് മാറിത്താമസിക്കാൻ സൗകര്യപ്രദമായ ഇടം ലഭിക്കാതിരുന്നവർക്ക് റവന്യൂ വകുപ്പ് വാടക നൽകുന്ന വിധത്തിൽ വീടുകളോ മറ്റു താമസസ്ഥലങ്ങളോ കണ്ടെത്താൻ സൗകര്യം നൽകിയിട്ടുണ്ട്.
രണ്ടു ദിവസത്തിനകം ഈ പ്രക്രിയ പൂർത്തിയാക്കി ക്യാമ്പ് പൂർണമായും പിരിച്ചുവിടും. അടുപ്പിൽ കോളനിയിൽ ഉരുൾപൊട്ടലിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് കോളനിക്കാരെ പുതുതായി നിർമിക്കുന്ന വീടുകളിലേക്ക് മാറ്റിയത്. പഴയ കോളനിയിലെ കുടിവെള്ള വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്ന പ്രവർത്തനം നടന്നുവരുകയാണ്. ഇത് രണ്ടു ദിവസം കൊണ്ട് പൂർത്തിയാകും. ഇവിടെ പുതുതായി നിർമിച്ചതും ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതുമായ 43 വീടുകളുടെ താക്കോൽ തിരിച്ചു വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചു. ക്യാമ്പിൽനിന്ന് വീട്ടിലേക്ക് പോകുന്നവർക്ക് കിറ്റ് വിതരണം നടത്തി. മുഴുവൻ കിറ്റുകളും പുളിയാവ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ പാക്ക് ചെയ്തു ക്യാമ്പുകളിലെത്തിച്ചു.
നാദാപുരം: വിലങ്ങാട് മല ഉരുൾപൊട്ടലിൽ കേടുപാട് പറ്റിയ കേളോത്ത് പാലം അടിയന്തര പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സർക്കാറിന് നിവേദനം നൽകി. നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളിലെ ആളുകളെ ഇരുകരകളുമായി ബന്ധിപ്പിക്കുന്നത് ഈ പാലം വഴിയാണ്. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ഇരച്ചുകയറി കൈവരികൾ, അസ്ഥിവാരം എന്നിവ തകരുകയായിരുന്നു. സമീപത്തെ അപ്രോച് റോഡും തകർന്ന നിലയിലാണ്. പാലത്തിന് സമീപത്തെ മൂന്ന് ഹൈസ്കൂൾ, വാണിമേൽ യു.പി സ്കൂൾ, വാണിമേൽ -കക്കട്ട് റൂട്ടിലെ യാത്രക്കാർ, കൃഷിക്കാർ തുടങ്ങിയവർക്ക് പാലം തകർന്നതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. 1999ലാണ് പാലം നിർമാണം നടത്തിയത്.
നാദാപുരം: വായാട് കോളനിയിലേക്ക് ജലവിതരണത്തിനായി നിർമിച്ച കിണറും പമ്പിങ് സ്റ്റേഷനും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പുല്ലുവായ് പുഴയിൽ വായാട് പാലത്തിന് സമീപമാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന കൂറ്റൻ പാറകൾ ഇവ ഇടിച്ച് തെറിപ്പിക്കുകയും കിണറടക്കം മൂടുകയുമായിരുന്നു. തുടർന്ന് മുടങ്ങിയ കോളനിയിലേക്കുള്ള ജലവിതരണം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
നാദാപുരം: നടുക്കമില്ലാതെ കിടന്നുറങ്ങാൻ ഒരിടം തേടി സരസ്വതി അമ്മയും കുടുംബവും. ആലിമൂല ഉരുൾപൊട്ടൽ ദുരന്തഭൂമിക്ക് സമീപം താമസിക്കുന്ന 87 വയസ്സുള്ള വലിയ വീട്ടിൽ സരസ്വതി അമ്മയും മകളുമടങ്ങുന്ന കുടുംബമാണ് ഓരോ വർഷകാലവും നെഞ്ചിടിപ്പോടെ തള്ളിനീക്കുന്നത്. ആലിമൂലക്ക് സമീപം ചെങ്കുത്തായ മലയുടെ താഴെയാണ് ഇവരുടെ വീട്. വീടിന് മുകളിൽ ഏത് നിമിഷവും അടർന്നു വീഴാവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്ന കൂറ്റൻ പാറകളാണുള്ളത്. കഴിഞ്ഞ മാസമുണ്ടായ ഉരുൾവെള്ളം വീട്ടിന് സമീപം ഒഴുകിയെത്തിയപ്പോൾ നാട്ടുകാർ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വീട് മാറാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. 2019ലെ ഉരുൾപൊട്ടൽ വേളയിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചപ്പോഴും ഇവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷിത സ്ഥാനത്ത് വീട് പണിയാൻ അയൽവാസി നൽകിയ അഞ്ച് സെന്റ് സ്ഥലം ഇവർക്കുണ്ട്. വരുമാനമില്ലാതെ എന്ത് ചെയ്യും എന്നാണ് ഇവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.