നാദാപുരം: വിലങ്ങാടുനിന്ന് വയനാട്ടിലേക്കുള്ള വിലങ്ങാട്-പാനോം-കുഞ്ഞോം റോഡ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ജനങ്ങൾക്കിടയിലും ചർച്ചയാകുന്നതിനിടെ മാധ്യമം വാർത്തയും ഇടംപിടിച്ചു. ജില്ലയിലെ വിലങ്ങാടുനിന്ന് പാനോം വഴി വയനാട്ടിലേക്കുള്ള ദൂരം ആറു കിലോമീറ്റർ മാത്രമാണ്. ഇതിന്റെ സാധ്യത പഠനം 40 വർഷം മുമ്പ് ആരംഭിച്ചതാണ്. എന്നാൽ, പദ്ധതി നടത്തിപ്പ് ചുവപ്പുനാടയിലാണ്.
നിലവിൽ റോഡ് പ്രശ്നം വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനിടയിലാണ് 1987ൽ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത മേഖലയിൽ ചർച്ചയാകുന്നത്. 1987 കാലയളവിൽ നാദാപുരം എം.എൽ.എയായിരുന്ന സത്യൻ മൊകേരി, സി.പി.എം നേതാവും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. ബാലൻ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. കണ്ണൻ, വളയം പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലൻ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞികൃഷ്ണൻ, അന്നത്തെ തൂണേരി ബി.ഡി.സി ചെയർമാൻ വി. ദാമു, ഫാ. അഗസ്റ്റിൻ കക്കരക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ പൗരപ്രമുഖരും രാഷ്ട്രീയ നേതൃത്വവുമാണ് വിലങ്ങാടുനിന്ന് പാനോം വഴി കാനനപാതയിലൂടെ നടന്ന് വയനാട് കുഞ്ഞോം അങ്ങാടിയിൽ എത്തിയത്.
റോഡ് യാഥാർഥ്യമായാൽ വിലങ്ങാട് ഉൾക്കൊള്ളുന്ന മലയോരമേഖലക്ക് വൻ വികസന കുതിപ്പ് കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഇതുവഴി കണ്ണൂർ, കോഴിക്കോട് ജില്ലയിലേക്കും തിരിച്ച് വയനാട് വഴി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയുകയും ചുരവും ഹെയർപിൻ വളവുകളും ഒഴിവാക്കാനും കഴിയും.
സംരക്ഷിത വനങ്ങളിൽ നിർമാണം പാടില്ലെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമമാണ് റോഡ് നിർമാണത്തെ തടസ്സപ്പെടുത്തുന്നത്. റോഡ് യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.