നാദാപുരം: വിഷ്ണുമംഗലം ബണ്ടിലെ അശാസ്ത്രീയ ബണ്ട് നിർമാണം സർക്കാറിന് വരുത്തി വെക്കുന്നത് കോടികളുടെ നഷ്ടങ്ങൾ. ഇതിനിടയിലും പുതിയ സർവേകളും പഠനങ്ങളും പുരോഗമിക്കുന്നു. മണ്ണും ചളിയും നിറഞ്ഞ് പുഴതന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് ജലസേചന വകുപ്പിന്റെ പുതിയ പരീക്ഷണങ്ങൾ. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം കനത്ത വേനലിൽപോലും ജലസമൃദ്ധമായിരുന്ന പുഴ പൂർണമായും വറ്റിവരണ്ടുകഴിഞ്ഞു. ബണ്ടിന് താഴ്ഭാഗത്ത് തുരുത്തുകൾ രൂപപ്പെട്ടതിനാൽ മഴക്കാലത്ത് മാത്രമാണ് നീരൊഴുക്ക് ദൃശ്യമാകുന്നത്. ഈ നില തുടർന്നാൽ പുഴയിൽനിന്നുള്ള കുടിവെള്ള വിതരണ പമ്പിങ് ഈ മാസം തന്നെ നിലക്കുന്ന സ്ഥിതിയാണ്.
വടകര മുനിസിപ്പാലിറ്റി ഉൾപ്പെടെ സമീപത്തെ പത്തോളം പഞ്ചായത്തുകളിലേക്ക് ആവശ്യമായ ജലവിതരണം നടത്തുന്നത് പുഴയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിച്ചാണ്. പുറമേരിയിലാണ് പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തിക്കുന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് പുഴയുടെ സർവനാശത്തിനിടയാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേതുടർന്ന് വേനലിൽ കനത്ത വരൾച്ചയും മഴക്കാലത്ത് ശക്തമായ വെള്ളപ്പൊക്കവുമാണ് പുഴയോട് ചേർന്ന പ്രദേശത്ത് അനുഭവപ്പെടുന്നത്.
ഇതിനിടയിലാണ് വിവിധ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ വൻ തുക ചെലവാക്കി സർക്കാറിന് കടുത്ത സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷം പുഴയുടെ താഴ്ഭാഗത്ത് മണൽ നീക്കലിന്റെ പേരിൽ ഒരു കോടി രൂപയോളം ചെലവഴിച്ചതായി ജല അതോറിറ്റി അധികൃതർ പറയുന്നു. ബണ്ടിന് താഴെ പുതിയ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ ബണ്ടിന്റെ മുകൾ ഭാഗത്തെ ചളിയും മണ്ണും നീക്കാനുള്ള ലെവലിങ് പരിശോധനയും ആരംഭിച്ചു.
ഇതിനായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വടകരയിലേക്ക് ശുദ്ധജലവിതരണത്തിന് വെള്ളം ശേഖരിക്കാൻ ജലസേചന വകുപ്പ് പുഴയിൽ തടയണനിർമാണം ആരംഭിച്ചതോടെയാണ് സർക്കാറിന് കോടികളുടെ നഷ്ടം വരുത്തുന്ന പദ്ധതിയായി ഇവിടം മാറിയത്.
വേനൽക്കാലത്ത് താൽക്കാലിക ബണ്ടു കെട്ടിയാണ് നേരത്തെ പുഴയിൽ വെള്ളം തടഞ്ഞുനിർത്തിയിരുന്നത്. 1989ൽ സ്ഥിരം ബണ്ട് എന്ന ആശയം കൊണ്ടുവന്നതോടെയാണ് വിഷ്ണുമംഗലം പുഴയുടെ തകർച്ചയും ജനങ്ങളുടെ ദുരിതവും തുടങ്ങിയത്.
പദ്ധതിയുടെ ഭാഗമായി 1990ലാണ് പുഴക്ക് കുറുകെ നാലു മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ബണ്ട് നിർമിക്കുന്നത്. നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് ആദ്യമഴയിൽ തന്നെ ബണ്ടിന്റെ തകർച്ചയും ഇരുകരയിലുമുള്ള ഏക്കർ കണക്കിന് കൃഷിഭൂമിയുടെ നാശത്തിലുമാണ് കലാശിച്ചത്. തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ലക്ഷങ്ങൾ ചെലവിട്ട് ബണ്ടിന് സമീപം വെള്ളം പുറത്തുപോകാൻ പ്രത്യേകം കനാൽ നിർമിക്കുകയായിരുന്നു. എന്നാൽ, വർഷകാലത്ത് ബണ്ടിന് മുകൾഭാഗത്ത് വെള്ളക്കെട്ട് കൂടിയതോടെ ഓരോ മഴയിലും പരിസരത്തെ പറമ്പുകളിലും കൃഷിഭൂമിയിലും വെള്ളം കയറി വൻ കൃഷിനാശത്തിനിടയാക്കി. ഇതേതുടർന്ന് കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടിയ വകയിൽ ഭീമമായ തുകയാണ് ജലസേചനവകുപ്പിന് ചെലവായത്.
എന്നിട്ടും വർഷകാലത്തെ വെള്ളക്കെട്ട് ഭീഷണി ഒഴിയാതായതോടെ ജലസേചന വകുപ്പിലെ ഉന്നതരുടെ നിർദേശാനുസരണം ലക്ഷങ്ങൾ മുടക്കി നാലു ഷട്ടറുകൾ സ്ഥാപിക്കുകയായിരുന്നു. ഇതിനിടയിൽ ബണ്ടിന്റെ മുകൾ പൂർണമായും ചളിയും മണ്ണുമടിഞ്ഞ് ആഴം കുറയുകയും ചെറുമോത്ത്, വിഷ്ണുമംഗലം, ജാതിയേരി, എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്ക മേഖലയായി മാറുകയും ചെയ്തു. ഇപ്പോൾ പുഴസംരക്ഷണത്തിനായി റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇതിനുള്ള സാധ്യതാപഠനം നടന്നുവരുകയാണ്. ഇത് ആറു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓരോ വർഷത്തിലും സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിവെക്കുന്ന പദ്ധതിയായി വിഷ്ണുമംഗലം ബണ്ട് പരിസരം മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.