നാദാപുരം: ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിലും പരിസരങ്ങളിലുമുള്ള ഹോട്ടൽ, കൂൾബാർ, ടീ ഷോപ്, ബേക്കറി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. സംസ്ഥാന പാതയോരത്ത് അനധികൃതമായി നടത്തിയ രണ്ട് കരിമ്പ് ജ്യൂസ് സ്റ്റാളുകൾ രണ്ട് പാൻമസാല വിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടി.
ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന് അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം, ലൈസൻസ് ചട്ടങ്ങൾ എന്നിവ പ്രകാരം വിവിധ സ്ഥാപനങ്ങളിൽ നിന്നായി 7600രൂപ പിഴ ഈടാക്കി. സമീപപ്രദേശമായ ചേലക്കാട് മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും നടപടിയും ഊർജിതമാക്കിയത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്. പരിശോധനയിൽ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. കുഞ്ഞുമുഹമ്മദ്, യു.കെ. അമ്പിളി എന്നിവർ പങ്കെടുത്തു.
പരിശോധനക്കിടയിലും നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജൂസ് കടകൾ, ലഘുഭക്ഷണ വിൽപന കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പാതയോരങ്ങളിൽ തള്ളുന്നത് ജനങ്ങൾക്ക് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിൽ സഞ്ചികളിൽ കെട്ടുകളാക്കി ആളൊഴിഞ്ഞ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ഇത്തരക്കാരുടെ രീതി.
വാഹനങ്ങൾ കയറിയിറങ്ങി റോഡിൽ അടിയുന്ന മാലിന്യങ്ങളിലെ ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാൻ കഴിയാതെ നാട്ടുകാർ പ്രയാസപ്പെടുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഇത്തരം സ്ഥാപന ഉടമകളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.