നരിക്കുനി: പ്രായം 80ന് അടുത്തെത്തിയെങ്കിലും അച്യുതേട്ടൻ നരിക്കുനിയിലെ ഒടുപാറക്കാർക്ക് ഇന്നും അവരുടെ സ്വന്തം തേങ്ങവലിക്കാരനാണ്. പ്രായം തളർത്താത്ത വീര്യവുമായി ഏണിയും കൊടുവാളുമായി രാവിലെ നടന്നുനീങ്ങുന്ന അച്യുതേട്ടൻ ഒടുപാറക്കാർക്ക് പതിവുകാഴ്ചയാണ്. പണ്ടുകാലത്ത് രാവിലെ മുതൽ വൈകീട്ടുവരെ നീളുന്ന തേങ്ങവലി ഇപ്പോൾ ഉച്ചവരെ പരിമിതപ്പെടുത്തി എന്നതു മാത്രമാണ് അച്യുതൻ തന്റെ കർമപഥത്തിൽ വരുത്തിയ മാറ്റം.
തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന പിതാവിന് അസുഖമായപ്പോൾ, പത്താം വയസ്സിലാണ് നരിക്കുനി ഒടുപാറ പെരിക്കോറമലയിൽ അച്യുതൻ ഈ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നത്. അടക്ക പറിക്കലായിരുന്നു അന്നത്തെ പ്രധാന മേഖല. പിന്നീട് തിരക്കേറിയ തെങ്ങുകയറ്റക്കാരനായി മാറി.
തേങ്ങവലിക്ക് അഞ്ച് തെങ്ങിന് ഒരു തേങ്ങയും കവുങ്ങിൽ കയറിയാൽ ഒരു മുക്കാലുമായിരുന്നു അന്നത്തെ കൂലിയെന്ന് അച്യുതൻ ഓർത്തെടുക്കുന്നു. പിന്നീട് വർഷങ്ങൾ പിന്നിട്ടാണ് ഇന്നത്തെ കൂലിയിലേക്ക് എത്തിയത്. ഇക്കാലത്തിനിടയിൽ തെങ്ങിൽനിന്ന് വീണ് പരിക്കുപറ്റിയതിനെ തുടർന്ന് ഒരു വർഷം മാത്രമാണ് ഈ തേങ്ങവലിക്കാരൻ തൊഴിലിൽനിന്ന് വിട്ടുനിന്നത്.
നാട്ടിലെ തേങ്ങവലിക്കാരൻ എന്നതിലുപരി ഒടുപാറയിലെ പ്രധാന ചടങ്ങുകളിലെല്ലാം അച്യുതേട്ടൻ നിറസാന്നിധ്യമാണ്. പ്രദേശത്തെ വീടുകളിലെ വിവാഹം തുടങ്ങിയ ആഘോഷവേളകളിലും മരണാനന്തര ചടങ്ങുകളിലും എല്ലാവർഷവും നടത്താറുള്ള പള്ളിയിലെ ആണ്ടുചടങ്ങിലുമെല്ലാം നാട്ടിലെ കാരണവരായി അച്യുതേട്ടൻ ഉണ്ടാവുമെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അസുഖം ബാധിച്ചവർക്ക് ഇളനീരോ, കരിക്കോ ആവശ്യമായി വന്നാൽ ഏത് സമയമായാലും അച്യുതൻ എന്ത് തിരക്കായാലും അവ എത്തിച്ചുനൽകുന്നതിൽ ശ്രദ്ധിക്കാറുണ്ടെന്നും ഇവർ പറയുന്നു.
തനിക്ക് എന്തൊരാവശ്യം വന്നാലും പിന്തുണയുമായി നാട്ടുകാർ ഒപ്പമുണ്ടാവാറുണ്ടെന്ന് അച്യുതനും പറയുന്നു. ഭാര്യ കല്യാണിയും മക്കളും അടങ്ങുന്നതാണ് കുടുംബം. ഇക്കാലമത്രയും തൊഴിലെടുത്തിട്ടും പെൻഷൻ അല്ലാതെ മറ്റൊരാനുകൂല്യവും ലഭിക്കുന്നില്ലെന്ന സങ്കടവും ഇദ്ദേഹം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.