നരിക്കുനി: ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച ബീവറേജ് കോർറേഷന്റെ ഔട്ട്ലെറ്റിനെതിരെയുള്ള സമരം ഒരുമാസം പിന്നിട്ടു. മദ്യ ഷോപ് വിരുദ്ധ ജനകീയ സമിതിയാണ് അനിശ്ചിതകാല സമരം നടത്തുന്നത്. മദ്യഷോപ് അടച്ചുപൂട്ടാൻ നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമിതി. ഇതിന്റെ ഭാഗമായി ബീവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ച് സൂചന സമരം നടത്തി. മദ്യഷോപ്പിന് സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കച്ചവട കേന്ദ്രങ്ങളുമുണ്ട്. ഇതുവഴിപോകുന്ന കാൽനടയാത്രക്കാരായ വിദ്യാർഥികൾക്കും, നാട്ടുകാർക്കുമെല്ലാം ബീവറേജ് ഔട്ട്ലെറ്റ് ഭീഷണിയാണെന്ന് ജനകീയ സമിതി പറയുന്നു.
സ്ത്രീകളും, കുട്ടികളും, പ്രായം ചെന്നവരുമെല്ലാം സമരത്തിൽ പങ്കാളികളായി എത്തുന്നുണ്ട്. ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിച്ചതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കലക്ടർക്കും, ഡെപ്യൂട്ടി എക്സൈസ് കമീഷണർക്കും, ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. മദ്യഷോപ്പിനെതിരായ സമരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ ലഭിക്കുന്നുണ്ട്.
മത, സാമൂഹിക നേതാക്കൾ, റെസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ തുടങ്ങിയവയെല്ലാം അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരത്തിൽ പങ്കാളികളായിട്ടുണ്ട്. സമീപ പ്രദേശത്തെ ഭിന്നശേഷി കുട്ടികളുടെ സഞ്ചാരത്തിന് പ്രയാസമാവുമെന്ന് കാണിച്ച് രക്ഷിതാക്കൾ ചേർന്ന് മനുഷ്യാവകാശ കമീഷന് മുമ്പിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. ലീഗൽ സർവിസ് അതോറിറ്റിക്ക് പ്രദേശത്തെ കുടുംബങ്ങൾ പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.