സമസ്തയിൽ പുതിയ വിവാദം; സുന്നി സ്ഥാപനങ്ങളെ പെട്ടിക്കടകളോട് ഉപമിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാവ്

കോഴിക്കോട്: സമസ്തയും കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസും (സി.ഐ.സി) തമ്മിലെ പ്രശ്നം ഒത്തുതീർക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ വെള്ളിയാഴ്ച ഫറോക്കിൽ നടന്ന വിശദീകരണ യോഗത്തിൽ നേതാക്കൾ തമ്മിലെ ഭിന്നത മറനീക്കി.

മ്യൂണിസത്തോട് സന്ധിചെയ്യുന്ന നേതാക്കളുടെ സമീപനത്തിനെതിരെ മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്വി കൂരിയാട് ആഞ്ഞടിച്ചപ്പോൾ, ഇതിനെ പ്രതിരോധിക്കാൻ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ സുന്നി സ്ഥാപനങ്ങളെ അനധികൃത പെട്ടിക്കടകളോട് ഉപമിച്ചു.

ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സമസ്തയിൽ ഉയരുന്നത്. ആനുകാലിക വിഷയങ്ങൾ വിശദീകരിക്കാൻ സംഘടിപ്പിച്ച സമ്മേളനം സി.ഐ.സിക്കും ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കുമെതിരായി മാറുകയായിരുന്നു. ചില പ്രഭാഷകർ മുസ്ലിം ലീഗിനെയും കൊട്ടാൻ മറന്നില്ല.

സി.ഐ.സിയുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളുടെയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തുമ്പോഴാണ് ഇത് അട്ടിമറിക്കാനെന്നോണം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

സമ്മേളനത്തിൽ സംഘാടകരെ അമ്പരിപ്പിച്ചാണ് കമ്യൂണിസത്തോട് സന്ധിചെയ്യുന്ന നയങ്ങൾക്കെതിരെ ബഹാവുദ്ദീൻ നദ്വി ശക്തമായി പ്രതികരിച്ചത്. വിശ്വാസിക്ക് ഒരിക്കലും കമ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എക്കാലത്തും ഇസ്ലാമിന്‍റെ ബദ്ധവൈരികളാണവർ.

സമസ്ത രൂപവത്കരിക്കുന്നതിനു മുമ്പും ശേഷവും പണ്ഡിതർ കമ്യൂണിസത്തെ 'ഫിത്ന'യായാണ് കണ്ടത്. 2007ൽ മദ്റസ സമയം മാറ്റാൻ ശ്രമം നടന്നപ്പോൾ കെ.ടി. മാനു മുസ്ലിയാരുടെ നേതൃത്വത്തിൽ അതിനെതിരെ രംഗത്തിറങ്ങി. എന്നാൽ, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട നടപടി എതിർപ്പിനെ തുടർന്ന് കമ്യൂണിസ്റ്റ് സർക്കാർ പിൻവലിച്ചപ്പോൾ സ്വാഗതം ചെയ്തതും അഭിനന്ദിച്ചതും പട്ടും വളയും നൽകി ആദരിച്ചതും ശരിയായില്ല.

അല്ലാഹുവിൽ ഭരമേൽപിച്ച് വിശ്വാസത്തിൽ മുറുകെപ്പിടിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ലോകമാന്യവും പൊങ്ങച്ചവും പാടില്ലെന്നും കൂട്ടിച്ചേർത്തു. തുടർന്ന് പ്രസംഗിച്ച സത്താർ പന്തല്ലൂർ, കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് മുനിസിപ്പാലിറ്റിയിലെയും കോർപറേഷനിലെയും അനധികൃത പെട്ടിക്കടകളോട് ഉപമിച്ചത്.

ഇതിനെതിരെ സമസ്ത പ്രവർത്തകർതന്നെ രംഗത്തുവന്നിരിക്കുകയാണ്. എസ്.കെ.എസ്.എസ്.എഫ് വളന്റിയർമാർ കനോലി കനാലിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുക മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യവും നീക്കുമെന്നും സത്താർ മുന്നറിയിപ്പ് നൽകി.

സി.ഐ.സിക്ക് കേരളത്തിനു പുറത്ത് സ്ഥാപനങ്ങളില്ലാത്തതിനാൽ ബഹാവുദ്ദീൻ നദ്വി നേതൃത്വം നൽകുന്ന ദാറുൽ ഹുദയുടെ പൂർവ വിദ്യാർഥി സംഘടന കിഷൻഗഞ്ചിൽ സ്ഥാപിച്ച 'ഖുർതുബ'യെയാണ് സത്താർ അവഹേളിച്ചതെന്ന് പറഞ്ഞാണ് ഹുദവികൾ രംഗത്തിറങ്ങിയത്.

വിമർശനം ശക്തമായതോടെ ഉദ്ദേശിച്ചത് ദാറുൽ ഹുദയുടെ കീഴിലെ സ്ഥാപനങ്ങളെ അല്ലെന്ന് വിശദീകരിച്ച് സത്താർ ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാൽ, സമസ്ത പ്രവർത്തകരും ഹുദവികളും രൂക്ഷമായാണ് സത്താറിന്‍റെ നടപടിയെ വിമർശിക്കുന്നത്. എം.എസ്.എഫ് ഹരിതയിലെ മുൻ നേതാക്കളായ വനിതകളെ തട്ടമിട്ട ലിബറലുകൾ എന്ന് സത്താർ വിശേഷിപ്പിച്ചതിനെതിരെയും വിമർശനം ശക്തമാണ്.

Tags:    
News Summary - New controversy in Samasta-SKSSF leader compares Sunni institutions to general shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.