പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും മുൻകൂറായി നൽകണമെന്നാവശ്യപ്പെട്ട് പയ്യോളി ടൗണിലെ വ്യാപാരികൾ സമരത്തിലേക്ക്.
2013ലെ എൽ.എ ആക്ട് പ്രകാരമുള്ള പുനരധിവാസവും സംസ്ഥാന സർക്കാർ വ്യാപാരികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാരവും കടകൾ ഒഴിപ്പിക്കുന്നതിന് മുമ്പായി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രഖ്യാപിച്ച നഷ്ടപരിഹാരം കടകൾ ഒഴിഞ്ഞതിനുശേഷം മാത്രമേ വിതരണം ചെയ്യൂവെന്ന അധികൃതരുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് കടയുടമകൾ വ്യക്തമാക്കി. മാത്രമല്ല നഗരസഭയിലെ തന്നെ സമീപപ്രദേശങ്ങളിലെ ദേശീയപാതയോരത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻകൂറായി നഷ്ടപരിഹാര തുക നൽകിയിട്ടുണ്ടെന്നും വ്യാപാരികൾ വികസനത്തിന് ഒരിക്കലും എതിരല്ലെന്നും തങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കണമെന്നതു മാത്രമാണ് ആവശ്യമെന്നും വ്യാപാരികൾ പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ കടകൾ ഒഴിപ്പിക്കേണ്ടിവരുന്ന ടൗണാണ് പയ്യോളി. ദേശീയപാതയോരത്തെ ഇരുവശത്തുമായി നൂറോളം വ്യാപാര സ്ഥാപനങ്ങളാണ് വികസനത്തിെൻറ ഭാഗമായി നഷ്ടപ്പെടുന്നത്.
മതിയായ നഷ്ടപരിഹാരത്തിനായി മൂരാട് മുതൽ തിരുവങ്ങൂർ വരെയുള്ള വ്യാപാരികൾ ഇതിനകം ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേന്ദ്ര- കേരള സർക്കാറുകൾക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് സംഘടിപ്പിക്കുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് നവംബർ ഒന്നിന് രാവിലെ 10ന് പയ്യോളി ബസ്സ്റ്റാൻഡ് പരിസരത്ത് തുടക്കമാവും.
സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡൻറ് കെ.പി. റാണാപ്രതാപ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.