കോഴിക്കോട്: പച്ചക്കറിക്ക് കോഴിക്കോട്ടും വില കുതിച്ചുയർന്നു. കഴിഞ്ഞ മാസം അവസാന വാരത്തേക്കാൾ വിലക്കയറ്റമാണ് മിക്ക ഇനങ്ങൾക്കും. ആവശ്യമുള്ളതിെൻറ പാതിപോലും സാധനങ്ങൾ നഗരത്തിലെത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ജനുവരി വരെയെങ്കിലും വിലക്കയറ്റമുണ്ടാവുമെന്നാണ് ആശങ്ക. തീവില താങ്ങാനാവാതെ ആവശ്യക്കാർ പച്ചക്കറി വാങ്ങുന്നത് കുറഞ്ഞു. ഹോട്ടലുകാരും പ്രതിസന്ധിയിലായി.
തമിഴ്നാട്ടിൽ മഴപെയ്ത് കൃഷിനാശമുണ്ടായതാണ് മുഖ്യകാരണമായി പറയുന്നത്. അതോടൊപ്പം മണ്ഡലവ്രതകാലത്ത് പതിവായുള്ള കയറ്റവും വില ഉയർത്തി. പാളയം മാർക്കറ്റിൽ വിലക്കയറ്റം കാരണം കച്ചവടം തണുത്ത മട്ടാണ്. തമിഴ്നാട്ടിൽനിന്നുള്ള ഇനങ്ങൾക്കാണ് ഏറ്റവുമധികം വില കയറിയത്. തക്കാളി കിലോക്ക് 80 രൂപയായി ഉയർന്നു. 75 രൂപയായിരുന്നു നവംബറിലെ വില. മുരിങ്ങക്കായ 120 രൂപയുള്ളത് ഉയർന്ന് 300 രൂപയിലെത്തി. പച്ചമുളക് 40 രൂപയുള്ളത് 80 രൂപയായി.
വിവിധയിനങ്ങൾക്ക് ഞായറാഴ്ചത്തെ ചില്ലറ വില: പയർ 75 രൂപ, വെണ്ടക്ക 80 രൂപ, ബീൻസ് 75, കാപ്സിക്കം 100, ബീറ്റ്റൂട്ട് 80, കാരറ്റ് 75 എന്നിങ്ങനെയാണ്.
15 രൂപക്ക് വരെ കിട്ടിയിരുന്ന വെള്ളരിക്ക് 55 രൂപയായി ഉയർന്നു. എളവനും 35 രൂപവരെയായി. വിലക്കയറ്റം ബാധിക്കാതിരുന്ന വലിയുള്ളിക്ക് 28 രൂപയിൽനിന്ന് 42 രൂപയായി. ഉരുളക്കിഴങ്ങിന് 30 രൂപയും കാബേജിന് 50ഉം ആണ് ഞായറാഴ്ചത്തെ വില. പച്ചക്കായക്ക് 45 രൂപയായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.