കോഴിക്കോട്: പൈപ്പ് ലൈൻ പൊട്ടിയാലും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി വെള്ളം മുടങ്ങില്ല. വെള്ളം മുടങ്ങി ശസ്ത്രക്രിയകൾ തടസ്സപ്പെടുകയും രോഗികൾ വലയുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ മഴവെള്ളത്തിൽനിന്ന് റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന കിണർ നിർമിക്കാനുള്ള പദ്ധതി ഉടൻ നടപ്പാക്കും. എട്ടു മീറ്റർ വ്യാസത്തിലുള്ള കിണറാണ് ആദ്യം നിർമിക്കുന്നത്.
ഇതിന് സമീപത്തായി മെഡിക്കൽ കോളജ് കാമ്പസിൽ നിന്നുള്ള മഴവെള്ളം ശേഖരിക്കുന്നതിനായി ജലസംഭരണികളും നിർമിക്കും. ഇതിൽനിന്ന് കിണർ റീചാർജ് ചെയ്യാനാവും. കൂടാതെ ഒരു കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി നിർമിച്ച് കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കും. ഇത് ആവശ്യാനുസരണം മെഡിക്കൽ കോളജിലെ കുടിവെള്ള വിതരണ ടാങ്കിലേക്ക് പമ്പ് ചെയ്തു ഉപയോഗിക്കുന്നതാണ് പദ്ധതി.
പ്രാരംഭ നടപടിയായി സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന പൂർത്തിയാക്കി. ഒരാഴ്ചക്കകം പദ്ധതിരേഖ തയാറാക്കി സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കും. മെഡിക്കൽ കോളജ് കാമ്പസിൽ സ്റ്റേഡിയത്തിനു സമീപമാണ് കിണർ നിർമിക്കുന്നത്.
നിലവിൽ കൂളിമാട്, പൂളക്കടവ് ജലസംഭരണികളിൽനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഇരു പ്ലാന്റുകളിൽനിന്നുള്ള പൈപ്പ് പൊട്ടി മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങുന്നതും ശസ്ത്രക്രിയകളും പോസ്റ്റ്മോർട്ടവും തടസ്സപ്പെടുന്നതും പതിവാണ്. രണ്ടു മാസം മുമ്പ് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം രണ്ടു ദിവസത്തോളം തടസ്സപ്പെട്ടത് രോഗികളെ ദുരിതത്തിലാക്കിയിരുന്നു.
ഇതോടെയാണ് കുടിവെള്ളം മുടങ്ങാതിരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങിയത്. ഈ വർഷംതന്നെ ആദ്യഘട്ട കിണർ നിർമാണം പൂർത്തിയാക്കാനാണ് ആശുപത്രി അധികൃതർ ആലോചിക്കുന്നത്. പദ്ധതി വിജയിക്കുകയാണെങ്കിൽ ആവശ്യാനുസരണം കിണറുകളുടെ എണ്ണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.