കോഴിക്കോട്: ഒമാനി ബാലികക്കും മാതാവിനും അതിസങ്കീർണ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ഷ്രോക് ആദിൽ മുഹമ്മദ് സെയ്ദ് അൽ അംറി ജന്മനാ വൃക്കരോഗിയായിരുന്നു. ഈ ഒമ്പതുകാരിക്ക് ആഴ്ചയിൽ മൂന്നുതവണയാണ് ഡയാലിസിസ് ചെയ്തിരുന്നത്. വളരെക്കാലം തുടരാനാകാത്തതിനാൽ ശാശ്വതപരിഹാരം തേടിയ മാതാപിതാക്കളോട് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുക എന്ന നിർദേശമാണ് ഒമാനിലെ ഡോക്ടർമാർ നൽകിയത്. തന്റെ കുരുന്നിന് വൃക്ക നൽകാൻ മാതാവ് തയാറായെങ്കിലും പരിശോധനയിൽ ധമനിക്ക് വീക്കം കണ്ടെത്തിയതോടെ വൃക്ക മാറ്റിവെക്കുന്നത് ആശങ്കയുടെ നിഴലിലായി.
നാലുവർഷം മുമ്പ് വൃക്കരോഗിയായ സഹോദരിക്ക് പിതാവിന്റെ വൃക്ക നൽകിയതിനാൽ ദമ്പതികളുടെ മുന്നിൽ മറ്റു മാർഗങ്ങളില്ലായിരുന്നു. ധമനി വീക്കം ശസ്ത്രക്രിയയെ സങ്കീർണമാക്കും എന്നതിനാൽ ഒമാനിലെ ഡോക്ടർമാർ കൈയൊഴിഞ്ഞതോടെയാണ് ഇവർ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയത്. നിരവധി ആലോചനകൾക്കും തയാറെടുപ്പുകൾക്കും ശേഷമാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലെത്തിയതെന്ന് സീനിയർ നെഫ്രോളജിസ്റ്റ് ഡോ. സുനിൽ ജോർജ് പറഞ്ഞു. മാതാവിന്റെ വൃക്കയുടെ ധമനി വീക്കം പരിഹരിച്ചശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. സുനിൽ ജോർജ്, ഡോ. പൗലോസ് ചാലി, ഡോ. ഹരിലാൽ വി. നമ്പ്യാർ, ഡോ. ഇ.കെ. രാംദാസ് എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. പൂർണ ആരോഗ്യം വീണ്ടെടുത്ത മാതാവും മകളും സെപ്റ്റംബർ എട്ടിന് ഒമാനിലേക്ക് മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.