പയ്യോളി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവിസ് റോഡിൽ വാഹനങ്ങൾ ഡിവൈഡറിലിടിക്കുന്നത് പതിവാകുന്നു. ബുധനാഴ്ച രാവിലെ മുതൽ മഴയും പെയ്തതോടെ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ വർധിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ അയനിക്കാട് പോസ്റ്റോഫിസിന് സമീപം പിക് അപ് വാൻ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
ഇതേത്തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്ക് സംഭവിച്ചു. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ക്രെയിനുകൾ ഉപയോഗിച്ചാണ് വാൻ നീക്കിയത്. കോഴിക്കോട് നിന്ന് സർവിസ് കഴിഞ്ഞ് കാസർകോട്ടേക്ക് പോവുകയായിരുന്ന പിക് അപ്പാണ് അപകടത്തിൽപ്പെട്ടത്. സമാനമായ രീതിയിൽ വൈകീട്ട് മൂന്നരയോടെ അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപവും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു പിക് അപ് വാനും അപകടത്തിൽപ്പെട്ടു.
പയ്യോളി - മൂരാട് റൂട്ടിലെ പ്രധാന പാതയുടെ നിർമാണം പുരോഗമിക്കുന്നതിനാൽ വൺവേ മാത്രമുള്ള രണ്ട് സർവിസ് റോഡിലും ചെറിയ അപകടമുണ്ടായാൽപോലും വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാവുന്നത്. ലോക്കൽ ബസുകൾ സ്റ്റോപ്പിൽ നിർത്തിയാൽപോലും പിറകിലുള്ള വലിയ വാഹനങ്ങൾക്ക് മറികടന്ന് പോവാൻ കഴിയാതെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
ഇങ്ങനെ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ നിർമാണം പൂർത്തിയാകാത്ത പ്രധാന പാതയിലൂടെ ലിമിറ്റഡ് സ്റ്റോപ് ബസുകൾ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതും പതിവാകുന്നുണ്ട്. വൺവേ ആയിട്ടുപോലും സർവിസ് റോഡിന് ചിലയിടങ്ങളിൽ പതിവിലും വീതികുറവായതും അപകടം വർധിക്കാൻ കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.