പയ്യോളി: സ്റ്റോപ് അനുവദിച്ച ഷൊർണൂർ - കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ നാട്ടുകാർ ഉജ്ജ്വല വരവേൽപ് നൽകി. വ്യാഴാഴ്ച വൈകീട്ട് 6.12ന് കണ്ണൂരിലേക്കുള്ള 6031ാം നമ്പർ സ്പെഷൽ ട്രെയിനിന് സ്റ്റോപ് അനുവദിച്ച പ്രകാരം പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് സ്വീകരണമൊരുക്കിയത്.
തിരിച്ച് ഷൊർണൂർ ഭാഗത്തേക്കുള്ള 6032ാം നമ്പർ ട്രെയിൻ രാവിലെ 8.57നാണ് പയ്യോളിയിൽ എത്തുക. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇരുഭാഗത്തേക്കും ചൊവ്വാഴ്ച കണ്ണൂർ ഭാഗത്തേക്കും ശനിയാഴ്ച ഷൊർണൂർ ഭാഗത്തേക്കും മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. ഞായറും തിങ്കളും ട്രെയിൻ ഓടില്ല.
പയ്യോളിയിൽ നിർത്തിയ ട്രെയിനിന് പയ്യോളി റെയിൽവേ ഡെവലപ്മെന്റ് ആക്ഷൻ കമ്മിറ്റിയുടെയും പയ്യോളി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷന്റെയും ബി.ജെ.പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്. എം.പിമാരായ ഷാഫി പറമ്പിലിന്റെയും പി.ടി. ഉഷയുടെയും ശ്രമഫലമായാണ് ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ് അനുവദിച്ചത്. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ ഓടിത്തുടങ്ങിയ ട്രെയിൻ ഒക്ടോബർ 31 വരെയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച രാവിലെ 8.57ന് ഷൊർണൂരിലേക്ക് പോയ ട്രെയിൻ പയ്യോളിയിൽ നിർത്തിയിരുന്നുവെങ്കിലും അറിയിപ്പ് ലഭിക്കാത്തത് കാരണം സ്വീകരണമൊരുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.