പയ്യോളി: കേരളഗാന്ധി കെ.കേളപ്പെൻറ സ്മരണക്കായി ജന്മദേശമായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടുമുറ്റത്ത് തയാറാക്കിയ പൂർണകായ പ്രതിമ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് തുറയൂരിലെ മുണ്ടോളിത്താഴെ റോഡിലുള്ള കൊയപ്പള്ളി തറവാട്ടിലെ വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പരിപാടി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടന്ന പരിപാടിയിൽ കേളപ്പജിയുടെ കുടുംബാംഗങ്ങളെയും സംഘാടകരെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് സദസ്സിലേക്ക് പ്രവേശിപ്പിച്ചത്. കെ.മുരളീധരൻ എം.പി.അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ.ഗിരീഷ് സംസാരിച്ചു. ഗവർണറുടെ ഫോട്ടോ ആലേഖനം ചെയ്ത ഛായാചിത്രം സംഘാടകർ ഉപഹാരമായി നൽകി. പ്രതിമ തയാറാക്കിയ ശിൽപി ചിത്രനെ ഗവർണർ ഉപഹാരം നൽകി ആദരിച്ചു. വിജയൻ കൈനടത്ത് സ്വാഗതവും ബാബു പുതുക്കുടി നന്ദിയും പറഞ്ഞു.
കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊയപ്പള്ളി തറവാട് പരിപാലന സമിതി ട്രസ്റ്റിെൻറ മേൽനോട്ടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഏഴര അടി ഉയരത്തിലാണ് ഖദർമുണ്ടും ജുബ്ബയും വേഷ്ടിയും കറുത്ത കണ്ണടയും ധരിച്ച് ജീവൻ തുടിക്കുന്ന പൂർണകായ പ്രതിമ തറവാട്പടിക്കൽ തയാറാക്കിയത്. ശിൽപി ചിത്രെൻറ പയ്യന്നൂരിലെ പണിപ്പുരയിലാണ് കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരിസിലും തീർത്ത പ്രതിമ ഫൈബറിൽ വാർത്തെടുത്തത്. വെങ്കല നിറത്തിൽ അവസാന മിനുക്കുപണികൾ മാത്രമാണ് തുറയൂരിൽ എത്തിച്ച് പൂർത്തീകരിച്ചത്.
ഗവർണറെ കാണാൻ വൻജനാവലി
പയ്യോളി: കേളപ്പജിയുടെ പ്രതിമ അനാച്ഛാദനത്തിനായി ജന്മനാടായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നാടിന്റെ ഊഷ്മള വരവേൽപ്പ് . ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് നടക്കുന്ന പരിപാടിക്ക് 5.23 ന് തന്നെ ഗവർണറുടെ വാഹനവ്യൂഹം മുണ്ടോളിത്താഴ റോഡിലെ കൊയപ്പള്ളി വീട്ടിന്റെ മുന്നിലെത്തിയിരുന്നു . കാറിൽ നിന്ന് ഇറങ്ങിയ ഉടൻ പ്രവേശന കവാടത്തിലുണ്ടായിരുന്ന സംഘാടകരോട് കുശലാന്വേഷണം നടത്തിയും , സമീപത്തുണ്ടായിരുന്ന സാനിറ്റൈസർ ചോദിച്ചു വാങ്ങി കൈയിൽ പുരട്ടിയുമാണ് ഗവർണർ വേദിയിലേക്ക് നീങ്ങിയത്.
ആദ്യവരികൾ മലയാളത്തിൽ സംസാരിച്ചായിരുന്നു ഗവർണർ പ്രസംഗമാരംഭിച്ചത്. ഇതോടെ സദസ്സിന് അകത്തും പുറത്തും നിന്ന് പ്രസംഗം കേട്ടു നിന്നവർ നീണ്ട കൈയടി മുഴക്കി. സദസ്സിലെ സ്ഥലപരിമിതിയും, കോവിഡ് നിയന്ത്രണങ്ങളുമുള്ളതിനാൽ കനത്ത സുരക്ഷയാണ് ഗവർണറുടെ സന്ദർശനത്തിന് പൊലീസ് സ്ഥലത്ത് ഒരുക്കിയിരുന്നത്. പരിപാടി കാണാനെത്തിയവരെ പൊലീസ് പൂർണമായും വേദിക്കരികിലേക്ക് കടത്തിവിട്ടിരുന്നില്ല . എങ്കിലും റോഡിലും സമീപത്തെ മതിൽക്കെട്ടിന് മുകളിലും വൻജനാവലിയായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരെയെല്ലാം കൈ വീശി അഭിവാദ്യം ചെയ്താണ് ഒടുവിൽ കൃത്യസമയം പാലിച്ച് വൈകീട്ട് 6.15 ഓടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.