കോഴിക്കോട്: ലോക്ഡൗണിന് സമാനമായ നിയന്ത്രണം രണ്ടാം ദിവസവും നാട് ഏറ്റെടുത്തു. ഞായറാഴ്ച നഗരത്തിലും നാട്ടിൻ പുറങ്ങളിലും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങിയില്ല.
നേരത്തേ നിശ്ചയിച്ച വിവാഹം ചിലയിടങ്ങളിൽ പ്രോട്ടോകാൾ പ്രകാരം 20 േപർ പങ്കെടുത്ത ചടങ്ങോടെ പൂർത്തിയാക്കി. വധുവും വരനുമുൾപ്പെടെ 20 പേർക്കായിരുന്നു അനുമതി. നവദമ്പതികൾ മാത്രം സഞ്ചരിക്കുന്ന കാറുകൾ നഗരത്തിൽ ഒറ്റപ്പെട്ട കാഴ്ചയായി.
ശനിയാഴ്ച പോലെ തന്നെ ഞായറാഴ്ചയും എല്ലായിടങ്ങളിലും പൊലീസ് സജീവ സാന്നിധ്യമായിരുന്നു. നഗരത്തിൽ അത്യാവശ്യകടകൾ മാത്രം തുറന്നു. എരഞ്ഞിപ്പാലത്ത് ചട്ടം ലംഘിച്ച് തുറന്ന ബ്യൂട്ടി പാർലറിനെതിരെ പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലത്തെ റിച്ച്വെ ടവറിലെ 'യുവർ ലുക്ക്' ബ്യൂട്ടി പാർലറിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഹൈവേകളിൽ ഉൾപ്പെടെ പൊലീസ് വാഹനപരിശോധന നടത്തി.
പേരാമ്പ്ര, ഉള്ള്യേരി, അത്തോളി മേഖലകളിൽ ലോക് ഡൗൺപ്രതീതി. സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. ആൾത്തിരക്കും തീരെയില്ലായിരുന്നു. മുക്കം കൊടിയത്തൂർ മേഖലയിൽ ഹർത്താൽ സമാനത. പൊലീസ് പട്രോളിങ് ശക്തമായിരുന്നു.
അവശ്യ സാധനങ്ങളുടെ കടകൾ മാത്രം തുറന്നു. വാഹനങ്ങൾ വളരെ കുറവ്. കക്കോടിയിൽ അവശ്യസാധന കടകൾ മാത്രം തുറന്നുപ്രവർത്തിച്ചു. വിവിധ ഭാഗങ്ങളിൽ എലത്തൂർ, ചേവായൂർ പൊലീസ് പരിശോധന കർശനമാക്കി. അവശ്യസർവിസുകൾ മാത്രമാണ് അനുവദിച്ചത്. കുന്ദമംഗലത്ത് ദേശീയപാത മിക്കവാറും കണ്ടെയ്ൻമെൻറ് സോണിലാണ്. ജനങ്ങൾ പൂർണമായും നിയന്ത്രണങ്ങളാട് സഹകരിച്ചു.
റോഡ് വിജനമായിരുന്നു. ഇരുചക്രവാഹനങ്ങളും കുറവായിരുന്നു. താമരശ്ശേരിയിൽ രാവിലെ ആറ് മുതൽ പൊലീസ് പരിശോധനയുണ്ടായിരുന്നു. റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. മിക്ക കടകളും അടഞ്ഞുകിടന്നു. കോടഞ്ചേരിയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ കണ്ടെയ്ൻമെൻറ് സോണിലും ഉൾനാടൻ പ്രദേശങ്ങളിലും പരിശോധന നടത്തി. അനധികൃതമായി തുറന്ന കടകളടപ്പിച്ചു. വടകരയിൽ നിയന്ത്രണം ജനങ്ങൾ ഏറ്റെടുത്ത് ഹർത്താലാക്കി. ആയഞ്ചേരിയിലും സമാനമായിരുന്നു അവസ്ഥ.
പയ്യോളിയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ഏതാണ്ട് നിശ്ചലമായ അവസ്ഥ. ശനിയാഴ്ച അത്യാവശ്യകാര്യങ്ങൾക്ക് ജനം പുറത്തിറങ്ങിയിരുന്നുവെങ്കിലും ഞാറാഴ്ച ടൗണുകൾ നിശ്ചലമായി. പഴം-പച്ചക്കറി കടകൾ മാത്രമാണ് കാര്യമായി തുറന്ന് പ്രവർത്തിച്ചത്. ദേശീയപാത വഴിയും വാഹനങ്ങൾ കുറവായിരുന്നു.
കോരപ്പുഴ പാലത്തിനു സമീപം ദേശീയപാതയിൽ എലത്തൂർ പൊലീസ് വാഹന പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തി. തിരുവമ്പാടി മേഖലയിൽ നിയന്ത്രണം പൂർണം അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങി. പൊലീസ് പരിശോധനയും കർശനമായിരുന്നു.
ഉണ്ണികുളത്ത് അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നത്. സ്വകാര്യ ബസുകൾ ഓടിയില്ല. മേഖലയിലെ എകരൂൽ, പൂനൂർ ടൗണുകളിൽ ഹർത്താൽ പ്രതീതിയായിരുന്നു.
ചുരുക്കം ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. ഹർത്താൽ പ്രതീതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.