വെള്ളിമാട്കുന്ന്: നിർത്തിയിട്ട ബസിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. നാലു മാസമാകാറായിട്ടും പ്രധാന പ്രതിയായ പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്കുമാറി (38)നെ പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. മാതാവ് കഴിഞ്ഞമാസം മരിച്ചതോടെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ ആശ്വാസകേന്ദ്രത്തിൽ കഴിയുകയാണ് പെൺകുട്ടി. പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. രണ്ടു തവണ പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു.
സംഭവം നടന്ന് പിറ്റേദിവസം പന്തീരാങ്കാവ് ആശ്രമത്തിൽ ഒളിവിൽ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് കടന്നുകളഞ്ഞു. തുടർന്ന് തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തിയെങ്കിലും മണിക്കൂറുകൾക്ക് മുമ്പ് അവിടെനിന്നും രക്ഷെപ്പടുകയായിരുന്നു. നാട്ടിലെ വിവരങ്ങൾ ഇയാൾ കൃത്യമായി അറിയുന്നുണ്ടായിരുന്നു.
മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനാണ് അന്വേഷണച്ചുമതല. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ്കുമാർ. കൂട്ടുപ്രതികളായ കുന്ദമംഗലം സ്വദേശി മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ മനുഷ്യാവകാശ പ്രവർത്തകരും വനിത സംഘടനകളും പൊലീസിനെതിരെ ആക്ഷേപം ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യയോടെ വീട്ടിൽനിന്ന് മാതാവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്തുവെച്ച് സ്കൂട്ടറിലെത്തിയ ഗോപീഷും ഇന്ത്യേഷ്കുമാറും കയറ്റിക്കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും പത്താം മൈലിലുള്ള വീട്ടിൽനിന്ന് ഷമീർ ഓട്ടോ വിളിച്ച് കോട്ടാപറമ്പിൽ എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.