കോഴിക്കോട്: ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് സിറ്റി പൊലീസ് നഗരത്തിൽ പരിശോധന തുടങ്ങി. നഗരപരിധിയിലെ വിവിധയിടങ്ങളിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്.
250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ തെളിമയുള്ള ചിത്രങ്ങളും വിഡിയോകളും നൽകും. 120 മീറ്ററിലധികം ഉയരത്തിൽനിന്നും ആകാശ നിരീക്ഷണം നടത്താനാകുന്നതിനാൽ ലഹരി ഉപയോഗ, വിൽപന സംഘങ്ങളിലേക്ക് പൊലീസിന് എളുപ്പത്തിൽ എത്താനാകും. നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളുൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് വരും ദിവസങ്ങളിലും പരിശോധന തുടരും. നിർമാണം നിലച്ച കെട്ടിടങ്ങളിൽ തങ്ങുന്ന സാമൂഹിക വിരുദ്ധരെ ഉൾപ്പെടെ തെളിവുസഹിതം പിടികൂടാനാവുമെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ, ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡി.ജി.സി.എ ലൈസൻസ് ലഭിച്ച സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ് കുമാർ, വിപിൻ ദാസ് എന്നിവർ ചേർന്നാണ് ഡ്രോൺ പരിശോധന നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.