കോഴിക്കോട്: നീണ്ട ഇടവേളക്കുശേഷം സ്കൂളുകൾ തുറക്കാനിരിക്കെ സജീവമാകുന്ന സ്കൂൾ വിപണിയിൽ വിലക്കയറ്റത്തിെൻറ മേളം. സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും ഭാരമാകും. കടലാസിന് വില അനിയന്ത്രിതമായി വർധിക്കുന്നതോടെയാണ് ഇത്തവണ നോട്ട്ബുക്കുകൾക്കും വില കൂടിയത്. വില ഉയരുന്നതിനൊപ്പം ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്തതും സ്കൂൾ വിപണിയെ ബാധിക്കുന്നുണ്ട്. കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസുകളായിരുന്നതിനാൽ നോട്ടുബുക്കുകളുടെ വിൽപന താരതമ്യേന കുറഞ്ഞിരുന്നു.
കോവിഡിെൻറ അനിശ്ചിതത്വമുള്ളതിനാൽ ഇത്തവണ ആവശ്യത്തിന് നോട്ട്ബുക്ക് നിർമാണം തുടങ്ങിയിട്ടില്ലെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. പ്രമുഖ ബ്രാന്റുകളുടെ നോട്ട്ബുക്കുകൾ ഓർഡറിനനുസരിച്ച് കടകളിലെത്താത്ത അവസ്ഥയുണ്ട്.
200 പേജുള്ള നോട്ട്ബുക്കിന് രണ്ടു രൂപ കൂടി 30 ആയി. ഗുണനിലവാരം കൂടിയവക്ക് വിലയും കൂടും. കോളജ് നോട്ട്ബുക്കുകളുടെ വില 48ൽ നിന്ന് 52 ആയി ഉയർന്നു. ബാൾപേനയുടെ വിലയും വർഷങ്ങൾക്കുശേഷം ഉയർന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഞ്ച് രൂപക്ക് ഇനി പേന കിട്ടില്ല. ഏഴു രൂപയായി വർധിച്ചു. പത്ത് രൂപയുടെ പേനക്ക് ഇനി 15 രൂപ കൊടുക്കണം.
ഇൻസ്ട്രുമെന്റ് ബോക്സിനും കുടക്കും വില കൂടിയിട്ടുണ്ട്. 380 രൂപയുള്ള കുടക്ക് 390 ആയിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുള്ള കുടകൾക്ക് 250 - 400 രൂപ വരെയാണ് വില. സാധാരണ കുടകൾക്ക് 590രൂപ വരെ നൽകണം. കാർട്ടൂൺ പ്രിന്റുള്ള കുടകളും വിപണിയിലെത്തിയിട്ടുണ്ട്.
ശക്തമായ വേനൽമഴ വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും കുടകൾക്ക് ആവശ്യക്കാർ കൂടിയതായി കടക്കാർ പറയുന്നു. ബാഗിന് നിലവിൽ പഴയ വില തന്നെയാണ്. പുതിയ സ്റ്റോക്കുകളെത്തുമ്പോൾ വില കൂടാനും സാധ്യതയുണ്ട്.
രണ്ട് വർഷമായി ഓൺലൈൻ ക്ലാസുകളായതിനാൽ ഭൂരിഭാഗം വിദ്യാർഥികളും പുതിയ ബാഗും കുടയും മഴക്കോട്ടും ലഞ്ച് ബോക്സും വാങ്ങിയിരുന്നില്ല. ഇത്തവണ കോവിഡിെൻറ പുതിയ തരംഗം ജൂണിലുണ്ടാകുമെന്ന ചില മുന്നറിയിപ്പുകളെ തുടർന്ന് സ്കൂൾ വിപണിയിലേക്കാവശ്യമായ സാധനങ്ങളുടെ നിർമാണം അൽപം മന്ദഗതിയിലായിരുന്നു.
ബാഗുകളും ലഞ്ച്ബോക്സുകളും വാട്ടർബോട്ടിലുമെല്ലാം ഓർഡറിനനുസരിച്ച് കിട്ടാത്തതിനും കാരണമിതാണ്.
ആയിരം ബാഗുകൾ ഓർഡർ ചെയ്തിട്ട് 300 എണ്ണമാണ് കൺസ്യൂമർഫെഡിെൻറ സ്കുൾ വിപണിയിലേക്ക് ലഭിച്ചത്. മുംബൈയിൽനിന്ന് വരാറുള്ള പല സാധനങ്ങളും ആവശ്യത്തിന് കിട്ടുന്നില്ലെന്ന് മിഠായിത്തെരുവിലെ സ്കൂൾ വിപണിയിലുള്ളവരും പറയുന്നു.
കൺസ്യൂമർഫെഡിെൻറ ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളിലും വിവിധ സഹകരണ സ്കൂൾ ചന്തകളിലും വിലകുറച്ചാണ് വിൽപന. ത്രിവേണിയുടെ മികച്ച നോട്ട്ബുക്കുകൾക്ക് 200 പേജിന് 30ഉം കോളജ് ബുക്കിന് 52ഉം ആണ് വില. ബാഗിന് ചില്ലറ വിൽപനയുടെ 20 മുതൽ 30 ശതമാനം വരെ വില കുറച്ചാണ് ബാഗുകൾ വിൽക്കുന്നത്.
കുടയടക്കം എല്ലാ സാധനങ്ങൾക്കും കൺസ്യൂമർഫെഡിൽ വിലക്കുറവുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു.
ഈ മാസം പത്തിന് തുടങ്ങിയ സ്റ്റുഡന്റ് മാർക്കറ്റ് ജൂൺ 15 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.